മലയാളി പെൺകുട്ടിക്ക് ലെയോ മാർപാപ്പയുടെ ആശീർവാദം
Friday, May 23, 2025 11:58 PM IST
കൊച്ചി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആശീർവാദം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ മലയാളി പെൺകുട്ടി. കാഞ്ഞൂർ പുതുശേരി ആൽബിൻ-ആശാ ദമ്പതികളുടെ ഇളയ മകൾ അന്ന മരിയയ്ക്കാണ് മാർപാപ്പയുടെ ആശീർവാദം ലഭിച്ചത്.
ജർമനിയിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ദിവസമാണു വത്തിക്കാൻ സന്ദർശിക്കാനെത്തിയത്. സെന്റ് പോൾസ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മാർപാപ്പ പ്രവേശിക്കുന്നതിനിടെ പാപ്പായെന്ന് അന്ന തുടർച്ചയായി ഉറക്കെ വിളിച്ചു.
വിളി കേട്ട് അടുത്തെത്തിയ മാർപാപ്പ അന്നയുടെ തലയിൽ കൈവച്ച് ആശീർവദിക്കുകയായിരുന്നു. മലയാളി വൈദികന്റെ സഹായത്തോടെയാണ് തങ്ങൾക്കു ബസിലിക്കയിൽ എത്താൻ കഴിഞ്ഞതെന്നും മാർപാപ്പ കടന്നുപോയ വഴിക്കു സമീപത്താണ് ഇരിപ്പിടം ലഭിച്ചതെന്നും ആൽബിൻ പറഞ്ഞു.