മുനന്പത്ത് സമവായ സാധ്യതകൾ തേടാൻ സർക്കാർ
Friday, May 23, 2025 11:58 PM IST
കൊച്ചി: മുനന്പത്തെ ഭൂമിയിലുള്ള വഖഫ് അവകാശവാദം ഉയർത്തിയ പ്രശ്നങ്ങൾക്കു സമവായത്തിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിലേക്ക് സർക്കാർ കടക്കും.
മുനന്പത്ത് നിലവിൽ താമസിക്കുന്നവരെ കുടിയിറക്കിക്കൊണ്ടു പ്രശ്നം പരിഹരിക്കാൻ സാധ്യമാകില്ലെന്ന ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷന്റെ നിലപാടിന്റെ വെളിച്ചത്തിലാണ് സർക്കാർ സമവായ സാധ്യതകൾ തേടുന്നത്.
വഖഫ് അവകാശവാദത്തെത്തുടർന്നുള്ള മുനന്പത്തെ ഭൂമിപ്രശ്നം പഠിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷൻ അടുത്തയാഴ്ച സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതിയോടെയാകും റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാരിന് നടപ്പാക്കാനാകുക. അതുകൊണ്ടുതന്നെ കോടതിയിൽ നിലവിലുള്ള കേസുകളുടെ പുരോഗതി സമവായ ചർച്ചകളെയും സ്വാധീനിക്കും.
ഭൂമിവിഷയത്തിൽ രമ്യമായ പരിഹാരം സമവായ ചർച്ചകളിലൂടെ കണ്ടെത്തണമെന്നതാകും റിപ്പോർട്ടിലെ പ്രധാന നിർദേശം. പ്രദേശവാസികളെ മറ്റൊരിടത്തു പുനരധിവസിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രദേശവാസികളുമായും വഖഫ് ബോർഡുമായും ചർച്ച ചെയ്ത് സർക്കാർ രമ്യമായ പരിഹാരം കണ്ടെത്തണം. വഖഫ് ബോർഡും ഫാറൂഖ് കോളജുമായും സർക്കാർ ചർച്ചകൾ നടത്തണം.
ആവശ്യമെങ്കിൽ വഖഫ് ബോർഡിന് പകരം ഭൂമിയോ നഷ്ടപരിഹാരമോ നൽകണം. കോടതിവിധി മുനന്പം നിവാസികൾക്ക് എതിരായാൽ സർക്കാർ ഭൂമി ഏറ്റെടുത്ത് അവർക്കു നൽകുന്നതിന്റെ നിയമസാധ്യതയും ആരായണമെന്ന് കമ്മീഷൻ ശിപാർശ ചെയ്യുമെന്നാണു സൂചന.
മുനന്പം നിവാസികൾക്ക് പൂർണമായ റവന്യു അവകാശങ്ങളോടെ തങ്ങളുടെ ഭൂമി ഉപയോഗിക്കാനാകുകയെന്നതു പ്രധാനമാണ്. മുനന്പം ഭൂസംരക്ഷണ സമിതി മാസങ്ങളായി നടത്തുന്ന സമരത്തിന്റെ പ്രധാന ആവശ്യവും അതുതന്നെയാണ്.
75 പേജുള്ള കമ്മീഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറുമെന്ന് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.