കുരിശ് പിഴുതുമാറ്റിയ സംഭവം; വനംവകുപ്പിനു തിരിച്ചടിയായി തഹസിൽദാറുടെ ഹിയറിംഗ് റിപ്പോർട്ട്
Saturday, May 24, 2025 12:32 AM IST
തൊടുപുഴ: തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനംവകുപ്പധികൃതർ പിഴുതുമാറ്റിയ സംഭവത്തിൽ തഹസിൽദാരുടെ ഹിയറിംഗ് റിപ്പോർട്ട് വനംവകുപ്പിനു തിരിച്ചടിയാകുന്നു.
കുരിശ് പിഴുത വനംവകുപ്പിന്റെ നടപടിക്കെതിരേ നാട്ടുകാരും രാഷ്ട്രീയകക്ഷി നേതാക്കളും മുഖ്യമന്ത്രിക്കു നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന ഹിയറിംഗിലാണ് തൊടുപുഴ തഹസിൽദാർ ഒ.എസ്.ജയകുമാർ തർക്കസ്ഥലത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിയത്.
ഇതിനു മുന്നോടിയായി തഹസിൽദാർ സ്ഥലം സന്ദർശിച്ച് പരിശോധനയും നാട്ടുകാരിൽനിന്നു വിവരശേഖരണവും നടത്തിയിരുന്നു. കുരിശ് നിന്ന സ്ഥലം ജണ്ടയ്ക്ക് പുറത്താണെന്നും ഇതു ജനവാസ മേഖലയാണെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള ഫലവൃക്ഷങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കർ വനഭൂമിയാണെന്ന് വില്ലേജ് ഓഫീസർ നേരത്തേ നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നതാണ് തഹസിൽദാറുടെ നിജസ്ഥിതി റിപ്പോർട്ട്. ഇതേസമയം കുരിശ് നിന്ന പ്രദേശം വനഭൂമിയാണെന്ന വാദമാണ് വനംവകുപ്പധികൃതർ ആവർത്തിച്ചത്.
പ്രശ്നപരിഹാരത്തിനായി റവന്യു, വനംവകുപ്പുകളുടെ നേതൃത്വത്തിൽ തർക്ക സ്ഥലത്ത് സംയുക്തപരിശോധന നടത്താൻ ഡെപ്യൂട്ടി കളക്ടർ കെ.എം. ജോസുകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തുടർന്നു കളക്ടർക്ക് അന്തിമറിപ്പോർട്ട് സമർപ്പിക്കും.
ഇതിനിടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ രേഖയിലും കുരിശ് സ്ഥാപിച്ചിരുന്ന നാരങ്ങാനം പ്രദേശത്തെ കുടുംബങ്ങൾ പഞ്ചായത്തിന്റെ മുണ്ടൻമുടി ആറാം വാർഡിൽ ഉൾപ്പെടുന്നതായി സ്ഥിരീകരിക്കുന്നു.
ഇത്തരത്തിൽ എല്ലാ രേഖകളും വനംവകുപ്പിന്റെ നിലപാട് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്പോഴും വ്യാജ വാദം ഉയർത്തി ഭൂമി കൈയേറാനാണ് വനംവകുപ്പിന്റെ ശ്രമം.