ക്യുആര്‍ അധിഷ്ഠിത മൂല്യനിര്‍ണയം വിജയം; എംജി സര്‍വകലാശാലയില്‍ ഇനി പരീക്ഷാഫലം അതിവേഗം
Friday, May 23, 2025 11:58 PM IST
കോട്ടയം: സ്വന്തമായി വികസിപ്പിച്ച ക്യുആര്‍ അധിഷ്ഠിത മൂല്യനിര്‍ണയ സംവിധാനം വിജയകരമായി നടപ്പാക്കി എംജി യൂണിവേഴ്സിറ്റി.
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം ഈ രീതിയില്‍ പൂര്‍ത്തിയായതിന്റെ പിറ്റേദിവസമായ ഇന്നലെ വെബ്സൈറ്റില്‍(www.mgu.ac.in) ഫലം പ്രസിദ്ധീകരിച്ചു.
സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണയം പൂര്‍ണമായും പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതോടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിക്കാനാകുമെന്നും വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.
ഓരോ വിദ്യാര്‍ഥിക്കും പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിനൊപ്പം ഓരോ വിഷയത്തിലും വ്യക്തിഗത തലത്തിലും സ്ഥാപന തലത്തിലും സര്‍വകലാശാലാ തലത്തിലുമുള്ള മികവുകളെ തരംതിരിച്ച് അടയാളപ്പെടുത്തുന്ന സ്കോര്‍ ഷീറ്റാണ് ലഭിക്കുക. ഈ രീതിയില്‍ സംസ്ഥാനത്ത് ആദ്യമായി ഫലപ്രഖ്യാപനം നടത്തുന്നതും എംജി സര്‍വകലാശാലയാണ്.
അതിവേഗം ഫലം പ്രഖ്യാപിക്കാന്‍ കഴിയുന്നതിനു പുറമെ നടപടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ഡോ. അരവിന്ദകുമാര്‍ വ്യക്തമാക്കി.