വഖഫ് ട്രൈബ്യൂണലിലുള്ള കേസില്‍ താമസക്കാരനെ കക്ഷിചേര്‍ത്ത ഉത്തരവിന് സ്റ്റേ
Friday, May 23, 2025 11:58 PM IST
കൊച്ചി: മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് ട്രൈബ്യൂണലിലുള്ള കേസില്‍ താമസക്കാരനായ സെബാസ്റ്റ്യൻ ജോസഫിനെ കക്ഷിചേര്‍ത്ത ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
ഭൂമി വഖഫ് ചെയ്ത കുടുംബത്തിന്റെ പ്രതിനിധിയായ ഇര്‍ഷാദ് നൂര്‍ മുഹമ്മദ് സേഠ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ അമിത് റാവല്‍, മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
മുനമ്പത്തേതു വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ ഉത്തരവിനെതിരേ ഫാറൂഖ് കോളജ് മാനേജ്മെന്റ് നല്കിയ ഹര്‍ജി വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണു സെബാസ്റ്റ്യൻ ജോസഫ് കക്ഷിചേരാന്‍ ഹർജി നല്‍കുകയും ഹർജി അനുവദിക്കുകയും ചെയ്തത്. ഈ നടപടി നിയമപരമായി നിലനില്ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നൂര്‍ മുഹമ്മദ് സേഠ് ഹൈക്കോടതിയെ സമീപിച്ചത്.
ഒറിജിനല്‍ നിയമനടപടികളില്‍ കക്ഷിയല്ലാതിരുന്നവരെ അപ്പീല്‍ സ്വഭാവത്തിലുള്ള കേസില്‍ കക്ഷിചേര്ക്കാനാകില്ലെന്ന സുപ്രീംകോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയാണു ഹർജി നല്‍കിയത്.
ഹർജിയില്‍ എതിര്‍കക്ഷികളായ സെബാസ്റ്റ്യന്‍ ജോസഫ്, വഖഫ് ബോര്‍ഡ്, ഫാറൂഖ് കോളജ് മാനേജ്മെന്റ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവായി. ഹര്‍ജി വീണ്ടും 26ന് ബന്ധപ്പെട്ട മറ്റു ഹർജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി.