കദളിക്കാട്ടിലച്ചന്‍ അനേകർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു: മാര്‍ വാണിയപ്പുരയ്ക്കല്‍
Friday, May 23, 2025 11:58 PM IST
പാലാ: തന്റെ ശുശ്രൂഷകളിലൂടെ ദൈവജനത്തിന്റെ വിശ്വാസം നേടിയെടുക്കുകയും വിശുദ്ധ ജീവിതം നയിക്കുകയും ചെയ്ത ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന് അനേകരുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കത്തക്കവിധം ദൈവസന്നിധിയില്‍ മാധ്യസ്ഥ്യം വഹിക്കുന്നുവെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍.
ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 90-ാം ചരമവാര്ഷകത്തോടനുബന്ധിച്ച് ഇന്നലെ അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ നടന്ന സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കബറിടത്തില്‍ നടന്ന ചരമവാര്‍ഷിക പ്രാര്‍ഥനയിലും ശ്രാദ്ധനേര്ച്ചയിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ചരമവാര്‍ഷികദിനത്തിലും അതിനു മുന്നോടിയായി നടത്തിയ നവനാള്‍ പ്രാര്ഥനാദിനങ്ങളിലും അനേകം വിശ്വാസികളാണ് കബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥിച്ചത്.
പാലാ കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കാക്കല്ലില്‍, സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉഷാമരിയ, വികാര്‍ ജനറാള്‍ സിസ്റ്റര്‍ എല്‍സാ ടോം, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്‍ലന്‍ അരീപ്പറമ്പില്‍, വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റോസ്മിന്‍ ചെരുവില്പ്പറമ്പില്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ തെരേസ് കോയിപ്പുറം തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.
നല്ല ഇടയന്റെ ഐക്കണ്‍: മാര്‍ കല്ലറങ്ങാട്ട്
പാലാ: കരുതലും സൗഹോദര്യവും മാതൃകയും ജീവിതംകൊണ്ട് അനേകര്‍ക്ക് നല്കിയ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന് നല്ല ഇടയന്റെ ഐക്കണ്‍ ആണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കദളിക്കാട്ടിലച്ചന്റെ 90-ാം ചരമവാര്‍ഷികദിനമായ ഇന്നലെ ശ്രാദ്ധനേര്ച്ച വെഞ്ചരിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
എസ്എച്ച് സന്യാസിനീ സമൂഹത്തെ ദൈവരാജ്യത്തിന്റെ അടയാളമായി അച്ചന് മാറ്റുകയായിരുന്നു. ഈശോയുടെ തിരുഹൃദയം എന്താണെന്ന് ലോകത്തിന്റെ അറ്റം വരെ പഠിപ്പിക്കുന്നവരാണ് തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളെന്നും ബിഷപ് പറഞ്ഞു.