ഏകീകൃത കുര്‍ബാനയര്‍പ്പണം: വൈദികസമിതി സമ്മേളനം ജൂണ്‍ അഞ്ചിന്
Saturday, May 24, 2025 12:32 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂപത വൈദികസമിതിയുടെ സമ്മേളനം ജൂണ്‍ അഞ്ചിന് നടത്തുമെന്ന് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു.
ഈ സാഹചര്യത്തില്‍ അതിരൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പാക്കുന്നതിന് ഭരണപരമായ യാതൊരു മാറ്റവും ഇക്കാലയളവില്‍ വരുത്തില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് സഭാപരമായ ജീവിതശൈലിക്ക് എതിര്സാക്ഷ്യമാകുന്ന വിധത്തിലുള്ള സമരമാര്‍ഗങ്ങളും അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണങ്ങളും സഭാത്മകമല്ലാത്ത നിലപാടുകളും എല്ലാവരും പൂര്‍ണമായും ഉപേക്ഷിക്കണം.
പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ പേരില്‍ ഇനിയും അതിരൂപതയില്‍ അനൈക്യം സൃഷ്ടിക്കാതെയും മറ്റുള്ളവര്‍ക്ക് ഉതപ്പു കൊടുക്കാതെയും അതേസമയം അടിസ്ഥാന തീരുമാനങ്ങളില്‍നിന്നു വ്യതിചലിക്കാതെയും സമാധാനത്തിന്റെ വഴികള്‍ തേടാനുള്ള പരിശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.