ദേശീയപാതയുടെ തകര്‍ച്ച: ബിജെപി സംഘം ഡല്‍ഹിക്ക്
Friday, May 23, 2025 11:58 PM IST
കോഴിക്കോട്: നിര്‍മാണത്തിനിടെ മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഇതിനു മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. കേരളത്തിലെ റോഡ് നിര്‍മാണത്തിലെ അപാകതകള്‍ അദ്ദേഹം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിരുന്നു.
കേരളത്തിലെ ദേശീയപാത നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നിതിന്‍ ഗഡ്കരി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഹൈവേ നിര്‍മാണത്തിനു കരാറെടുത്ത രണ്ടു സ്ഥാപനങ്ങളെ ഡീബാര്‍ ചെയ്തത് നടപടിയുടെ ഭാഗമാണ്. കൂടുതല്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാവും.
ദേശീയപാത തകര്‍ന്നത് സംസ്ഥാനത്ത് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന ബിജെപി നേതൃത്വം കൂടുതല്‍ നടപടികള്‍ക്കായി കേന്ദ്രമന്ത്രിയെ കാണുന്നത്. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സംഘം ഡല്‍ഹിയില്‍ പോകുമെന്നാണ് സൂചന.
ഹൈവേ തകര്‍ന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇക്കാര്യം വ്യക്തമാക്കികഴിഞ്ഞു.