കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ടു ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്നു മന്ത്രി വീണാ ജോർജ്.
എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്നു കണ്ടെത്തി അതനുസരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യണം. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടെയും യോഗത്തിലാണു മന്ത്രി നിർദേശം നൽകിയത്.
273 കോവിഡ് കേസുകളാണ് ഈ മാസം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് ഈ മാസത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.