കേരളത്തിലെ ആശ്രിത നിയമനം: തത്സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
Saturday, May 24, 2025 1:14 AM IST
ന്യൂഡൽഹി: കേരളത്തിൽ വിവിധ വകുപ്പുകളിലെ എൽഡിസി തസ്തികകളിലെ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് തത്സ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശം.
വിഷയത്തിൽ സംസ്ഥാന സർക്കാരിൽനിന്നും മറ്റു കക്ഷികളിൽനിന്നും കോടതി പ്രതികരണം തേടി. ആശ്രിതനിയമനം വഴി വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ചവരുടെ കണക്കെടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി നടപടിക്കെതിരേ നിയമനം നേടിയവർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
ഓരോ വകുപ്പിലും അഞ്ചു ശതമാനം വീതം ഒഴിവാണ് ആശ്രിത നിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഈ പരിധിക്കപ്പുറമായി നിയമനം ലഭിച്ചിട്ടുള്ളവരെ താത്കാലിക തസ്തിക രൂപീകരിച്ച് അതിലേക്കു മാറ്റാനായിരുന്നു പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്. ഭാവിയിൽ ഒഴിവുണ്ടാകുന്ന മുറയ്ക്ക് താത്കാലിക തസ്തികയിൽ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
അഞ്ചു ശതമാനത്തിലധികം നിയമനം നടന്നിട്ടുണ്ടോ എന്നറിയാൻ കണക്കെടുപ്പ് നടത്താനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സ്ഥിരം നിയമനം ലഭിച്ചവരെ താത്കാലിക തസ്തികകളിലേക്കു മാറ്റുന്പോൾ അവരുടെ സീനിയോറിറ്റി നഷ്ടപ്പെടുമെന്നും ആശ്രിത നിയമനം ലഭിച്ചവരുടെ ഭാഗം കേൾക്കാതെയാണു ഹൈക്കോടതി നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.