ചാരവൃത്തി: ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ
Saturday, May 24, 2025 1:14 AM IST
ലക്നൗ: പാക്കിസ്ഥാനിലേക്ക് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന സംശയത്തെത്തുടർന്ന് രണ്ടുപേരെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഡൽഹി സീലംപുരിൽ ആക്രിക്കച്ചവടം നടത്തിവന്ന നോയിഡ സ്വദേശി മുഹമ്മദ് ഹാരൂൺ (45), വാരാണസി സ്വദേശി തുഫൈൽ എന്നിവരാണു പിടിയിലായത്.
ഡൽഹി പാക് ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥൻ മുസമ്മൽ ഹുസൈനുമായി അടുത്ത ബന്ധം പുലർത്തിവരുന്ന മുഹമ്മദ് ഹാരൂൺ അനധികൃത പാക് വീസകൾ സംഘടിപ്പിച്ചു നല്കാനായി പലരിൽനിന്നും പണം കൈപ്പറ്റിത്തുടങ്ങി. ഈ പണം പല അക്കൗണ്ടുകളിലായി നിക്ഷേപിച്ചു. ഇതിനു കമ്മീഷനും കൈപ്പറ്റി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുസമ്മൽ ഹുസൈനെ രാജ്യം പുറത്താക്കി.
അതേസമയം, ഫൈസാലാബാദിലെ പാക് സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ നഫീസ ഉൾപ്പെടെ അറുനൂറോളം പാക് പൗരന്മാരടങ്ങിയ വാട്സ് ആപ് അക്കൗണ്ടുകളിലൂടെയായിരുന്നു തുഫൈൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിവന്നിരുന്നത് . ഇരുവരെയും ലക്നോവിൽ എടിഎസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.