‘മിസ്റ്റർബീസ്റ്റ് ’ പ്രായം കുറഞ്ഞ സെൽഫ് മെയ്ഡ് ബില്യണർ
Friday, May 23, 2025 11:58 PM IST
യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ആളെന്ന റിക്കാർഡുള്ള അമേരിക്കക്കാരാൻ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സണ് പുതിയൊരു നാഴികകല്ലും പിന്നിട്ടു.
30 വയസിൽ താഴെ പാരന്പര്യമായി സ്വത്ത് ലഭിക്കാതെ സ്വന്തം പ്രയത്നത്താൽ ബില്യണർ ആയ പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കാർഡാണ് മിസ്റ്റർ ബീസ്റ്റ് സ്വന്തമാക്കിയത്. 27-ാം വയസിലാണ് മിസ്റ്റർ ബീസ്റ്റ് ബില്യണർ ക്ലബ്ബിലെത്തിയത്. സെലബ്രിറ്റി നെറ്റ്വർത്തിന്റെ കണക്കനുസരിച്ച് ഒരു ബില്യണ്‍ ഡോളർ ആണ് ആസ്തി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എട്ടാമത്തെ ശതകോടീശ്വരൻ കൂടിയാണ് മിസ്റ്റർബീസ്റ്റ്.
യൂട്യൂബിലേക്കുള്ള യാത്ര
1998ൽ മേയ് ഏഴിന് കാൻസാസിലെ വിചിത നഗരത്തിലാണ് ജനിച്ചതെങ്കിലും നോർത്ത് കരോളൈനയിലെ ഗ്രീൻവില്ലിലാണ് കൂടുതൽ കാലം വളർന്നത്. 2012 ഫെബ്രുവരിയിൽ 13 വയസുള്ളപ്പോൾ MrBeast6000 എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. 2016ൽ ഗ്രീൻവില്ലി ക്രിസ്റ്റ്യൻ അക്കാഡമിയിൽനിന്ന് ബിരുദം പൂർത്തിയാക്കി. ഈസ്റ്റ് കരോളൈന യൂണിവേഴ്സ്റ്റിയിൽ പ്രവേശനം നേടി. എന്നാൽ മുഴുവൻ സമയം യൂട്യൂബ് ചാനലിലേക്ക് ഉള്ളടക്കങ്ങൾ നിർമിക്കുന്നതിന് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായ പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു. ആദ്യകാലത്ത് ഗെയിം കമന്ററി, റിയാക്ഷൻ വീഡിയോകളായിരുന്നു. 2017ൽ കൗണ്ടിംഗ് ടു 1,00,000 എന്ന വീഡിയോയിലൂടെയാണ് അദ്ദേഹം ആദ്യമായി ശ്രദ്ധ നേടിയത്. 44 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ദശലക്ഷക്കണക്കിനാളുകളാണ് കണ്ടതും സബ്സ്ക്രൈബേഴ്സായതും.
ഈ കാലയളവിൽ ഡൊണാൾഡ്സണ് പ്രശസ്തി നേടി. നൂറ് മെഗാഫോണുകൾ ഉപയോഗിച്ച് ഗ്ലാസ് പൊട്ടിക്കാൻ ശ്രമിക്കുക, ഒരു മണിക്കൂർ പെയിന്റ് ഉണങ്ങുന്നത് കാണുക, 24 മണിക്കൂർ വെള്ളത്തിനടിയിൽ കഴിയുക, (ആരോഗ്യപ്രശ്നങ്ങൾ കാരണം അത് പരാജയപ്പെട്ടു) തുടങ്ങി വിചിത്രമായ വെല്ലുവിളികളിലൂടെ ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഉയർന്നു.
വളർച്ച
2018 ആയപ്പോഴേക്കും ഡൊണാൾഡ്സണ് തന്റെ സ്റ്റണ്ടുകളിലൂടെ ഒരു മില്യണ്‍ ഡോളർ സംഭാവന നൽകി. യൂട്യൂബിന്റെ ഏറ്റവും വലിയ മനുഷ്യസ്നേഹി എന്ന പദവിയിലെത്തി. വലിയ തുകകൾ സമ്മാനം നൽകുന്നതിനൊപ്പം ആകർഷകമായ വെല്ലുവിളികളും സംയോജിപ്പിച്ചുകൊണ്ടുള്ള വീഡിയോകൾ സൃഷ്ടിച്ചു. ഒരു ജനപ്രിയ വീഡിയോയിൽ അപരിചിതർക്ക് ആയിരം ഡോളർ നൽകുന്നതായി കാണിച്ചു. പിന്നീട് ലക്ഷക്കണക്കിനും ദശലക്ഷക്കണക്കിനും ഡോളർ ദാനം ചെയ്യുന്നതായുമുള്ള വീഡിയോകൾ എത്തി.
തന്റെ വീഡിയോ വരുമാനത്തിന്റെ ഭൂരിഭാഗവും പുതിയ ഉള്ളടക്കങ്ങളുടെ നിർമാണത്തിനായി വീണ്ടും നിക്ഷേപിക്കാനുള്ള അദ്ദേഹത്തിന്റെ സമീപനം വൻ വളർച്ചയ്ക്ക് കാരണമായി. ചലഞ്ച് വീഡിയോകൾ മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ വരെ നിറഞ്ഞ മിസ്റ്റർബീസ്റ്റിന്റെ പ്രധാന യൂട്യൂബ് ചാനൽ 2024 ജൂണോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് ചെയ്തതായി മാറി. 397 മില്യണ്‍ സബ്സ്ക്രൈബേഴ്സാണുള്ളത്. പത്തിലധികം ഭാഷകളിൽ ഡബ് ചെയ്ത ചാനലുകൾ ആരംഭിച്ചുകൊണ്ട് അദ്ദേഹം ഉള്ളടക്കം പ്രാദേശികവൽക്കരിക്കുകയും ചെയ്തു, ഇത് അദ്ദേഹത്തിന് ഒരു അന്താരാഷ്ട്ര ആരാധകവൃന്ദത്തെ വളർത്താൻ സഹായിച്ചു.
മിസ്റ്റർബീസ്റ്റ് വെറുമൊരു യൂട്യൂബർ മാത്രമല്ല മികച്ചൊരു സംരംഭകൻ കൂടിയാണ്. മിസ്റ്റർബീസ്റ്റ്, മിസ്റ്റർബീസ്റ്റ് ഗേമിംഗ്, ബീസ്റ്റ് റിയാക്ട്സ്, മിസ്റ്റർബീസ്റ്റ് ഫിലാൻത്രോപ്പി എന്നീ ചാനലുകൾ ഉൾപ്പെടെ ഡൊണാൾഡ്സണിന്റെ ചാനലുകൾക്ക് ആകെ415 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉണ്ട്.
ഡൊണാൾസ്ണിന്റെ വളർച്ച യൂട്യൂബിന് അപ്പുറത്തേക്കായി
മിസ്റ്റർബീസ്റ്റ് ബർഗർ: 2020ൽ ആരംഭിച്ച ഒരു വെർച്വൽ ഫാസ്റ്റ്-ഫുഡ് ശൃംഖല, പ്രതിമാസം 2.3 മില്യണ്‍ വരെ വരുമാനം നേടി, ഗുണനിലവാര മോശമായതിൽ ഈ സംരംഭം പൂട്ടി.
ഫീസ്റ്റബിൾസ്: ഒരു ചോക്ലേറ്റ് ബ്രാൻഡ്. ആരംഭിച്ചതിന് തൊട്ടുപിന്നാലെ 10 മില്യണ്‍ ഡോളറിലധികം വരുമാനം നേടി.
ജ്യൂസ് ഫണ്ടുകൾ: വളർന്നുവരുന്ന കണ്ടന്റ് ക്രിയേറ്റർമാരിൽ നിക്ഷേപിക്കുന്ന രണ്ടു മില്യണ്‍ ഡോളർ സംരംഭം.
ക്രിപ്റ്റോ നിക്ഷേപങ്ങൾ: ബിറ്റ്കോയിൻ, ക്രിപ്റ്റോപങ്ക്സ് എൻഎഫ്ടികൾ, കോയിൻബേസ്, എക്സ്സിഎഡി നെറ്റ്വർക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു.