ബ്രിട്ടീഷ്, ഫ്രഞ്ച്, കനേഡിയൻ നേതാക്കളെ വിമർശിച്ച് നെതന്യാഹു
Saturday, May 24, 2025 1:14 AM IST
ടെൽ അവീവ്: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ ഹമാസിനെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഗാസയിൽ സഹായവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇസ്രയേലിനെതിരേ കർശന നപടികളുണ്ടാകുമെന്നു മൂന്നു നേതാക്കളും മുന്നറിയിപ്പു നല്കിയ പശ്ചാത്തലത്തിലാണു നെതന്യാഹുവിന്റെ വിമർശനം.
കൊലപാതകികൾക്കും ബലാത്സംഗം ചെയ്തവർക്കും ശിശുക്കളെ വധിച്ചുവർക്കുമൊപ്പമാണ് ഈ മൂന്നു നേതാക്കൾ. സമാധാനത്തിനു വഴിയൊരുക്കുന്നതിനു പകരം അനന്തകാലത്തേക്കും യുദ്ധം ചെയ്യാൻ ഹമാസിനു പിന്തുണ നല്കുകയാണ് ഇവർ ചെയ്യുന്നത്.
മൂന്നു പേർക്കും നന്ദി പറഞ്ഞ് ഹമാസ് പ്രസ്താവന ഇറക്കിയിരുന്നു. പലസ്തീൻ രാഷ്ട്രം ഇസ്രയേലിനു ഭീഷണിയാണ്. കഴിഞ്ഞദിവസം അമേരിക്കയിൽ രണ്ട് ഇസ്രേലി എംബസി ജീവനക്കാർ വെടിയേറ്റു മരിച്ചത് ഇതിനുദാഹരണമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഗാസാ ജനതയുടെ ദുരവസ്ഥയിൽ ഇസ്രയേലിനെതിരേ അന്താരാഷ്ട്ര സമ്മർദം ശക്തമാകുന്നതിനിടെയാണു നെതന്യാഹുവിന്റെ വിമർശനം.
ഗാസയിൽ ആക്രമണം നിർത്തിവച്ച്, സഹായവിതരണം ഉടൻ പുനസ്ഥാപിക്കണമെന്ന് സ്റ്റാർമർ, മക്രോൺ, കാർണി എന്നീ നേതാക്കൾ ആവശ്യപ്പെട്ടത് തിങ്കളാഴ്ചയാണ്. പാശ്ചാത്യ മിത്രങ്ങളിൽനിന്ന് ഇസ്രയേലിനു ലഭിക്കുന്ന ഏറ്റവും ശക്തമായ മുന്നറിയിപ്പായിരുന്നിത്.
ഇതിനിടെ, സ്പെയിന്റെയും അയർലൻഡിന്റെയും മാതൃകയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഫ്രാൻസ് തയാറെടുക്കുന്നുവെന്ന വാർത്തകളും ഇസ്രയേലിനെ അസ്വസ്ഥമാക്കുന്നുണ്ട്.