ഹാർവാഡിൽ വിദേശവിദ്യാർഥികൾക്കു പ്രവേശനം നിഷേധിച്ചത് കോടതി തടഞ്ഞു
Saturday, May 24, 2025 1:14 AM IST
വാഷിംഗ്ടൺ ഡിസി: ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ വിദേശവിദ്യാർഥികൾക്കു പ്രവേശനം നിഷേധിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി യുഎസ് കോടതി ഇടക്കാല ഉത്തരവിലൂടെ മരവിപ്പിച്ചു. ഭരണഘടനാവിരുദ്ധതയും നിയമലംഘനവും ആരോപിച്ച് ഹാർവാഡ് അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.
യഹൂദവിരുദ്ധത അവസാനിപ്പിക്കാനായി നല്കിയ നിർദേശങ്ങൾ യൂണിവേഴ്സിറ്റി പാലിക്കാതിരുന്നതിനെ തുടർന്നാണ് ട്രംപ് ഭരണകൂടം വിദേശ വിദ്യാർഥികൾക്കു വിലക്കേർപ്പെടുത്തിയത്. അമേരിക്കയിലെ മറ്റ് യൂണിവേഴ്സിറ്റികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ നടപടി ഒരു പാഠമായിരിക്കണമെന്ന് ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു.
ഗാസാ യുദ്ധത്തിന്റെ പേരിൽ കാന്പസുകളിൾ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം യൂണിവേഴ്സിറ്റികളെ നിയന്ത്രിക്കാൻ നടപടികളെടുത്തത്. ഇതിന്റെ ഭാഗമായി ഹാർവാഡിലെ പ്രവേശന സന്പ്രദായങ്ങളും പഠനരീതികളും മാറ്റണമെന്ന് നിർദേശിച്ചു. അനുസരിക്കാൻ കൂട്ടാക്കാതിരുന്ന ഹാർവാഡ് ഇതിനെതിരേ കോടതിയെ സമീപിക്കുകയും ചെയ്തു.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടിയോടെ വിദേശ വിദ്യാർഥികളുടെ ഭാവി സംബന്ധിച്ച് ആശങ്ക ശക്തമായിട്ടുണ്ട്.
140 രാജ്യങ്ങളിൽനിന്നായി 6,703 വിദേശ വിദ്യാർഥികളാണ് ഹാർവാഡിൽ പഠിക്കുന്നത്. മൊത്തം വിദ്യാർഥികളുടെ 27 ശതമാനം വരുമിത്. 788 പേർ ഇന്ത്യക്കാരാണ്.