ആയിരം കടന്ന് കോവിഡ്
Tuesday, May 27, 2025 1:42 AM IST
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വർധന. ഒരാഴ്ചയ്ക്കിടെ 752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് കേസുകൾ 1009 ആയി.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഡൽഹിയിലുമാണ് കൂടുതൽ വർധന. തീവ്രത കുറഞ്ഞ കേസുകളാണ് ഭൂരിഭാഗമെങ്കിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കുന്നുണ്ട്.
ചൈനയും സിംഗപ്പൂരുമടങ്ങുന്ന ഏഷ്യൻ രാജ്യങ്ങളിൽ അടുത്തിടെ വ്യാപിച്ച കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തിയതാണ് പെട്ടെന്നുള്ള വർധനയ്ക്കു കാരണമെന്നാണ് അനുമാനം. എൻബി1.8.1, എൽഎഫ് 7 എന്നീ പുതിയ വകഭേദങ്ങൾ അടുത്തിടെ തമിഴ്നാട്ടിലും ഗുജറാത്തിലും റിപ്പോർട്ട് ചെയ്തിരുന്നു.
നിരീക്ഷണത്തിനായി ഐക്യരാഷ്്ട്ര സംഘടന പട്ടികപ്പെടുത്തിയ വകഭേദങ്ങളാണിവ. മുന്‍പ് വ്യാപിച്ചിരുന്ന കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പ്രചരിക്കുന്നവ കൂടുതൽ പകരുന്നതോ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതോ ആണെന്ന് സൂചനയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഈ മാസം 19ന് 257 കേസുകൾ ഉണ്ടായിരുന്നിടത്തുനിന്നാണ് ഒരാഴ്ചകൊണ്ട് 1009 ആയി മാറിയത്. ഇക്കാലയളവിൽ ഏഴ് മരണവും രേഖപ്പെടുത്തി. 305 പേർ സുഖം പ്രാപിക്കുകയോ ഡിസ്ചാർജ് ചെയ്യപ്പെടുകയോ ചെയ്തു.
നിലവിലെ കേസുകളിൽ 430 എണ്ണവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 335 കേസുകളാണ് ഒരാഴ്ചകൊണ്ട് കേരളത്തിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിൽ 209 കേസുകളും ഡൽഹിയിൽ 104 കേസുകളും നിലവിലുണ്ട്.
രാജ്യത്തിന്റെ പശ്ചിമ, തെക്കൻ മേഖലയിൽനിന്നും കണ്ടെത്തിയ സാംപിളുകൾ പരിശോധിച്ചതിൽനിന്ന് ഒമിക്രോണ്‍ വകഭേദങ്ങളാണെന്നു കണ്ടെത്തിയെന്നും തീവ്രത കുറഞ്ഞ അണുബാധയാണിതെന്നും ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ അറിയിച്ചു.