നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്
സ്വന്തം ലേഖകന്‍
Monday, May 26, 2025 4:21 AM IST
ന്യൂഡൽഹി: നിലന്പൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് ഇവിടെ ഒഴിവു വന്നത്.
ഫലം 23ന് പ്രഖ്യാപിക്കുമെന്നും കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂണ്‍ രണ്ടു വരെ നാമനിർദേശം സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇന്നിറങ്ങും.
നാല് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലന്പൂരിനൊപ്പം ഗുജറാത്തിലെ കാഡി, വിസവധർ, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങൾ. നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവു വന്നാൽ ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടമെങ്കിലും കാഷ്മീരിലെ നഗ്രോട്ട, ബുദ്ഗാം, മണിപ്പുരിലെ തദുബി എന്നീ മണ്ഡലങ്ങളിൽ ഒഴിവുവന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഇടതുപക്ഷവുമായി തെറ്റിയതിനെ തുടർന്ന് ജനുവരി 13നാണ് അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്.