നിതി ആയോഗ്: പിണറായി വിജയനും മമത ബാനർജിയും നിതീഷ് കുമാറും പങ്കെടുത്തില്ല
Sunday, May 25, 2025 1:24 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നിതി ആയോഗിന്റെ പത്താമത് ഭരണസമിതിയോഗത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മൂന്ന് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ വിട്ടുനിന്നു.
പിണറായിയെ കൂടാതെ എൻഡിഎ ഭരിക്കുന്ന പുതുച്ചേരിയിൽനിന്നും കോണ്ഗ്രസ് ഭരിക്കുന്ന കർണാടകയിൽനിന്നും മുഖ്യമന്ത്രിമാർ എത്തിയില്ല. അതേസമയം, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലുങ്കാന മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, എം.കെ. സ്റ്റാലിൻ, രേവന്ത് റെഡ്ഢി എന്നിവർ പങ്കെടുക്കുകയും ചെയ്തു.
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികമായതിനാലുള്ള തിരക്കു മൂലമാണ് പിണറായി പങ്കെടുക്കാത്തത് എന്നാണ് അനൗദ്യോഗിക വിശദീകരണം. മുൻകൂട്ടി നിശ്ചയിച്ചപരിപാടികളാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയത്.
പുതുച്ചേരിയിലെ എൻഡിഎ മുഖ്യമന്ത്രി എൻ. രംഗസാമി വിട്ടുനിന്നതിന് ഔദ്യോഗിക വിശദീകരണമൊന്നുമില്ല. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും യോഗത്തിൽനിന്നു വിട്ടുനിന്നു.
സംസാരിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു കുറ്റപ്പെടുത്തി മമത ബാനർജി കഴിഞ്ഞ വർഷത്തെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. എൻഡിഎ കക്ഷിയാണെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തിയില്ല.