ഇന്ത്യൻ നിർമിത ഐഫോണുകൾക്ക് യുഎസിൽ വില കുറയുമെന്ന്
Saturday, May 24, 2025 11:22 PM IST
മുംബൈ: ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾ 25 ശതമാനം തീരുവ ഏർപ്പെടുത്തിയാലും യുഎസിൽ വില കുറവായിരിക്കുമെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻഷിയേറ്റിവ് (ജിടിആർഐ) റിപ്പോർട്ട്.
ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്ക് യുഎസ് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയാലും, യുഎസിൽ ഉപകരണങ്ങൾ നിർമിക്കുന്നതുമായി താരതമ്യപ്പെടുത്തുന്പോൾ മൊത്തം ഉത്പാദനച്ചെലവ് അപ്പോഴും വളരെ കുറവായിരിക്കും. വിവിധ തീരുവകൾ ഉണ്ടായിരുന്നിട്ടും ഇന്ത്യയിലെ നിർമാണ ചെലവ് കുറഞ്ഞതായി തുടരുന്നുവെന്ന് ജിടിആർഐ റിപ്പോർട്ട് പറയുന്നു.
ആപ്പിൾ ഐഫോണുകൾ നിർമാണം യുഎസിലേക്കു മാറ്റിയില്ലെങ്കിൽ 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയിൽ ഐഫോണ്‍ അസംബ്ലി താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇറക്കുമതി ചെയ്യുന്ന ഐഫോണുകൾക്ക് തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചതോടെ, ഉയർന്ന തീരുവയും ഉയർന്ന ഉത്പാദനച്ചെലവും കാരണം അമേരിക്കക്കാർക്ക് ഐഫോണിന്റെ വില കൂടുതലായിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ജിടിആർഐ നടത്തിയ വിശകലനം അനുസരിച്ച്, 1,000 യുഎസ് ഡോളർ വിലയുള്ള ഐഫോണിന്റെ നിലവിലെ മൂല്യശൃംഖലയിൽ ഒരു ഡസനിലധികം രാജ്യങ്ങളുടെ സംഭാവനകളുണ്ട്. ബ്രാൻഡ്, സോഫ്റ്റ്വേർ, ഡിസൈൻ എന്നിവയിലൂടെ ആപ്പിൾ മൂല്യത്തിന്റെ 450 ഡോളർ ലാഭം നേടുന്നു.
ക്വാൽകോം, ബ്രോഡ്കോം തുടങ്ങിയ യുഎസ് ഘടകനിർമാതാക്കൾ 80 ഡോളർ ലഭിക്കും നേടുന്നു. ചിപ്പ് നിർമാണത്തിലൂടെ തായ്വാന് 150 ഡോളറും ദക്ഷിണ കൊറിയയ്ക്ക് ഒഎൽഇഡി സ്ക്രീനുകൾ, മെമ്മറി ചിപ്പുകൾ എന്നിവ വഴി 90 ഡോളർ ലഭിക്കുന്നു. 85 ഡോളറിന്റെ കാമറ ലെൻസുകളാണ് ജപ്പാന്റെ സംഭാവന. ഈ ചങ്ങലയിൽ ചെറിയ ഭാഗങ്ങൾ നല്കുന്നതുവഴി ജർമനി, വിയറ്റ്നാം, മലേഷ്യ എന്നിവ 45 ഡോളർ നേടുന്നു.
ഐഫോണ്‍ അസംബ്ലിയിൽ പ്രധാന പങ്കാളികളാണെങ്കിലും ചൈനയും ഇന്ത്യയും ഒരു ഉപകരണത്തിന് ഏകദേശം 30 യുഎസ് ഡോളർ മാത്രമേ നേടുന്നുള്ളൂവെന്ന് ജിടിആർഐ പ്രസ്താവിച്ചു. ഇത് ഒരു ഐഫോണിന്റെ മൊത്തം റീട്ടെയിൽ വിലയുടെ മൂന്നു ശതമാനത്തിൽ താഴെയാണ്.
25 ശതമാനം താരിഫ് ബാധകമാക്കിയാലും യുഎസിനെക്കാൾ ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നത് വളരെയധികം സാന്പത്തികമായി ലാഭകരമാണെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയും യുഎസും തമ്മിലുള്ള തൊഴിൽ ചെലവുകളിലെ വ്യത്യാസമാണ് ഇതിനു പ്രധാന കാരണം. ഇന്ത്യയിൽ, അസംബ്ലി തൊഴിലാളികൾക്ക് പ്രതിമാസം ഏകദേശം 230 യുഎസ് ഡോളർ സന്പാദിക്കാം. അതേസമയം, കലിഫോർണിയ പോലുള്ള യുഎസ് സംസ്ഥാനങ്ങളിൽ, മിനിമം വേതന നിയമങ്ങൾ കാരണം തൊഴിൽ ചെലവ് പ്രതിമാസം ഏകദേശം 2,900 യുഎസ് ഡോളറായി ഉയരും, ഇത് 13 മടങ്ങ് വർധനവാണ്.
ഇന്ത്യയിൽ ഒരു ഐഫോണ്‍ അസംബിൾ ചെയ്യുന്നതിന് ഏകദേശം 30 യുഎസ് ഡോളർ ചെലവാകും. അതേസമയം, യുഎസിൽ ഇതേ പ്രക്രിയയ്ക്ക് ഏകദേശം 390 യുഎസ് ഡോളർ ചെലവാകും. ഇതിനു പുറമെ, ആപ്പിളിന് ഇന്ത്യയിലെ ഐഫോണ്‍ നിർമാണത്തിൽ സർക്കാരിൽനിന്ന് പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) ആനുകൂല്യം ലഭിക്കും.
ആപ്പിൾ ഉത്പാദനം യുഎസിലേക്ക് മാറ്റി ചില്ലറവിൽപ്പന വില ഗണ്യമായി വർധിപ്പിച്ചാലും ഒരു ഐഫോണിൽനിന്നുള്ള ലാഭം 450 യുഎസ് ഡോളറിൽനിന്ന് വെറും 60 ഡോളറായി കുറയുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.