എൽഐസിക്ക് ഗിന്നസ് വേൾഡ് റിക്കാർഡ്
Saturday, May 24, 2025 11:22 PM IST
മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 68 വർഷത്തെ പ്രവർത്തനത്തിൽ പുതിയൊരു തൂവൽകൂടി ചേർത്തിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ വിറ്റതിന്റെ ഗിന്നസ് വേൾഡ് റിക്കാർഡ് കോർപറേഷൻ സ്വന്തമാക്കിയതായി കന്പനി ഇന്നലെ അറിയിച്ചു.
കോർപറേഷന്റെ ഏജൻസി നെറ്റ്വർക്കിന്റെ അസാധാരണ പ്രകടനവും ഈ ചരിത്രനേട്ടവും 2025 ജനുവരി 20ന് ഗിന്നസ് വേൾഡ് റിക്കാർഡ് സ്ഥീരികരിച്ചതായി കന്പനി വ്യക്തമാക്കി.
ജനുവരി 20ന് ഇന്ത്യയിലുടനീളം എൽഐസിയുടെ മൊത്തം 4,52,839 ഏജന്റുമാർ 5,88,107 ലൈഫ് ഇൻഷ്വറൻസ് പോളിസികൾ വിജയകരമായി പൂർത്തിയാക്കി വിതരണം ചെയ്തുവെന്ന് എൽഐസി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഈ മഹത്തായ ശ്രമം ലൈഫ് ഇൻഷുറൻസ് വ്യവസായത്തിലെ ഏജന്റുമാരുടെ ഉത്പാദനക്ഷമതയ്ക്ക് 24 മണിക്കൂറിനുള്ളിൽ ഒരു പുതിയ ആഗോള മാനദണ്ഡം സ്ഥാപിച്ചു എന്നും പറഞ്ഞു.
ജനുവരി 20ന് മാഡ് മില്യണ്‍ ഡേയിൽ എല്ലാ ഏജന്റുമാരോടും കുറഞ്ഞത് ഒരു പോളിസിയെങ്കിലും പൂർത്തിയാക്കാൻ അഭ്യർഥിച്ചുകൊണ്ട് എൽഐസി എംഡിയും സിഇഒയുമായ സിദ്ധാർഥ് മൊഹന്തി നടത്തിയ ഒരു സംരംഭത്തിന്റെ പരിസമാപ്തിയാണ് ഈ നേട്ടം.
1956ലാണ് പൊതുമേഖലാ ലൈഫ് ഇൻഷ്വറൻസ് കന്പനിയായ എൽഐസി സ്ഥാപിതമാകുന്നത്.