ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍
Sunday, May 25, 2025 12:45 AM IST
മുംബൈ: 77-ാം നമ്പര്‍ ജഴ്സിക്കാരനായ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ 37-ാമത് ക്യാപ്റ്റന്‍.
ശുഭ്മാന്‍ ഗില്ലിനെ അടുത്ത മാസം ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇന്നലെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരേ ജൂണ്‍ 20നു ലീഡ്സില്‍ നടക്കുന്ന ഒന്നാം ടെസ്റ്റാണ് ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യയുടെ ആദ്യമത്സരം.
ദീര്‍ഘനാള്‍ ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനെന്ന ആമുഖത്തോടെയാണ് അഗാര്‍ക്കര്‍ ഇരുപത്തഞ്ചുകാരനായ ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത്, കോഹ്ലി കാലത്തിനുശേഷം ഇനി ശുഭ്മാന്‍ ഗില്ലിന്റെ ദിനങ്ങളാണ്, ഗില്‍ നീണാള്‍ വാഴട്ടെ...
ഈ മാസം ഏഴിന് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചതോടെ ടീം ഇന്ത്യക്കു സ്ഥിരം ക്യാപ്റ്റന്‍ ഇല്ലായിരുന്നു. രോഹിത്തിനു പിന്നാലെ സൂപ്പര്‍ താരം വിരാട് കോഹ്ലിയും ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫലത്തില്‍ രോഹിത് ശര്‍മ-വിരാട് കോഹ്ലി എന്നീ സൂപ്പര്‍ താരങ്ങളില്ലാതെ, നവഭാരത സങ്കല്‍പ്പത്തിലുള്ള ടീമിനെയാണ് ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ ഇന്ത്യ, ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാലുവരെ ഓവലിലാണ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ്. ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തിനാണ്.
37-ാം ക്യാപ്റ്റന്റെ കരിയര്‍
1932-34 കാലഘട്ടത്തില്‍ നാല് മത്സരങ്ങളില്‍ നയിച്ച സി.കെ. നായിഡുവാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റന്‍. തുടര്‍ന്ന് വിജയനഗരത്തിലെ മഹാരാജ്കുമാര്‍ മുതല്‍ ഏറ്റവും ഒടുവില്‍ ജസ്പ്രീത് ബുംറ വരെയായി 36 ക്യാപ്റ്റന്മാര് ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചു. ഇന്ത്യയുടെ 37-ാം ക്യാപ്റ്റനാണ് ഇരുപത്തഞ്ചുകാരനായ ഗില്‍.
2020 ഡിസംബര്‍ 26ന് ഓസ്ട്രേലിയയ്ക്കെതിരേ മെല്‍ബണിലായിരുന്നു ഗില്ലിന്റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. 32 മത്സരങ്ങള്‍ കളിച്ചു. അഞ്ച് സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1893 റണ്‍സ് നേടി. ശരാശരി 35.05. സ്ട്രൈക്ക് റേറ്റ് 59.92. 2023 മാര്‍ച്ചില്‍ ഓസ്ട്രേലിയയ്ക്കെതിരേ അഹമ്മദാബാദ് ടെസ്റ്റില്‍ നേടിയ 128 ആണ് ഉയര്‍ന്ന സ്കോര്‍.
പ്രായത്തില്‍ അഞ്ചാമന്
ഇന്ത്യന്‍ പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന പ്രായം കുറഞ്ഞ അഞ്ചാമനാണ് ശുഭ്മാന്‍ ഗില്‍. ഗില്ലിനെ ഇന്നലെ ഇന്ത്യന്‍ ക്യാപ്റ്റനായി പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിനു വയസ് 25 വര്‍ഷവും 258 ദിനവും. ജൂലൈ 20നു ലീഡ്സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച് കളത്തില്‍ ഇറങ്ങുമ്പോള്‍ ഗില്ലിന് 25 വര്‍ഷവും 285 ദിനവും പ്രായമാകും.
21 വര്‍ഷവും 77 ദിനവും പ്രായമുള്ളപ്പോള്‍ ഇന്ത്യയെ നയിച്ച മന്‍സൂര്‍ അലിഖാന് പട്ടൗഡിയാണ് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍. 1962 മാര്‍ച്ച് 23ന് വെസ്റ്റ് ഇന്‍ഡീസിന് എതിരേയായിരുന്നു പട്ടൗഡി ഇന്ത്യയെ നയിച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍ 23-ാം വയസിലും കപില്‍ ദേവ് 24-ാം വയസിലും ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്മാരായവരാണ്. രവി ശാസ്ത്രിയാണ് ഈ പട്ടികയില്‍ ഗില്ലിനു മുന്നിലുള്ളത്.
ബുംറ ഇല്ല; ഗില്‍ ദീര്‍ഘനാള്‍
മുമ്പ് ക്യാപറ്റന്മാരായി പരിചയമുള്ള കെ.എല്‍. രാഹുല്‍ (മൂന്നു മത്സരം), ജസ്പ്രീത് ബുംറ (മൂന്നു മത്സരം) എന്നിവരെ തഴഞ്ഞാണ് ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ സെലക്ടര്‍മാര്‍ ക്യാപ്റ്റനാക്കിയതെന്നതും ശ്രദ്ധേയം.
ക്യാപ്റ്റന്‍സി, ടീം പ്രഖ്യാപനങ്ങള്‍ക്കുശേഷം സെലക്ഷന് കമ്മിറ്റി ചെയര്‍മാനായ അജിത് അഗാര്‍ക്കര്‍ പറഞ്ഞത് ഇങ്ങനെ: ഗില്‍ അസാമാന്യ കളിക്കാരനാണ്. ടീം ഇന്ത്യയെ ഏറെനാള്‍ മുന്നോട്ടു നയിക്കാന്‍ പ്രാപ്തന്‍. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും.
ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റിലും പേസര്‍ ജസ്പ്രീത് ബുംറ ടീം ഇന്ത്യക്കൊപ്പം ഉണ്ടാകില്ലെന്നും അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.