കരുണ്‍ തിരിച്ചെത്തി; സായ്, അര്‍ഷദീപ് ടീമില്‍
Sunday, May 25, 2025 12:45 AM IST
മുംബൈ: ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മധ്യനിര ബാറ്റര്‍ കരുണ്‍ നായര്‍ ഇടം നേടി. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തുന്നതെന്നതാണ് ശ്രദ്ധേയം.
2017ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ധരംശാല ടെസ്റ്റിലാണ് കരുണ്‍ നായര്‍ ഇന്ത്യക്കായി അവസാനം കളിച്ചത്. ആറ് ടെസ്റ്റ് കളിച്ച കരുണ്‍ 62.33 ശരാശരിയില്‍ 374 റണ്‍സ് നേടി. വിരേന്ദര്‍ സെവാഗിനുശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഏക ഇന്ത്യന്‍ താരമാണ് കരുണ്‍.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാര്‍ദുള്‍ ഠാക്കൂറും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി. 11 ടെസ്റ്റ് കളിച്ച ഷാര്‍ദുള്‍ 31 വിക്കറ്റും 331 റണ്‍സും നേടിയിട്ടുണ്ട്. 2024-25 രഞ്ജി സീസണില്‍ 863 റണ്‍സ് കരുണ്‍ നേടിയിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 2024ല്‍ 11 ഇന്നിംഗ്സില്‍നിന്ന് 48.70 ശരാശരിയില്‍ 487 റണ്‍സ് നേടിയതും കരുണിന്റെ മടങ്ങിവരവിനു കാരണമായി.
സായ് സുദര്ശന്, അര്‍ഷദീപ്
ഇംഗ്ലണ്ട് പര്യടനത്തിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിലേക്ക് സായ് സുദര്ശന്, അര്‍ഷദീപ് സിംഗ് എന്നിവര്‍ക്കും വിളിയെത്തി. ഇതാദ്യമായാണ് ഇവര്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാകുന്നത്. ഐപിഎല്‍ 2025 സീസണില്‍ സായ് സുദര്ശന് മിന്നും ബാറ്റിംഗാണ് കാഴ്ചവയ്ക്കുന്നതെന്നതും ശ്രദ്ധേയം.
ശ്രേയസ് അയ്യറിനും ഓസ്ട്രേലിയന്‍ പര്യടനത്തിലുണ്ടായിരുന്ന സര്‍ഫറാസ് ഖാനും ഇടം ലഭിക്കാതിരുന്നപ്പോള്‍ യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, അഭിമന്യു ഈശ്വരന്, ഋഷഭ് പന്ത്, സായ് സുദര്ശന് എന്നിവരും ബാറ്റിംഗ് നിരയിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും 18 അംഗ ടീമിലുള്‍പ്പെട്ടു.
ടീമില്‍ ഒരു സ്പെഷലിസ്റ്റ് സ്പിന്നറാണുള്ളത്, കുല്‍ദീപ് യാദവ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിങ്ങനെ അഞ്ച് പേസര്‍മാരുണ്ട്. അതേസമയം, മുന്‍ ഇംഗ്ലണ്ട് പര്യടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച പേസര്‍ മുഹമ്മദ് ഷമിക്ക് അവസരം ലഭിച്ചില്ല.
ടീം ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാഷ് ദീപ്, പ്രസിദ്ധ് കൃഷ്ണ, സായ് സുദര്ശന്, അഭിമന്യു ഈശ്വരന്, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുള്‍ ഠാക്കൂര്‍, അര്‍ഷദീപ് സിംഗ്.