കോർട്ടിൽ കോർക്കും
Sunday, May 25, 2025 12:45 AM IST
പാരീസ്: സീസണിലെ ഏക കളിമണ്‍ കോർട്ട് ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിന്റെ 2025 പതിപ്പിന് പാരീസിൽ ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് തുടക്കം. കളിമണ്‍ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാലിന്റെ (14 കിരീടങ്ങൾക്ക്) പിൻഗാമിയെത്തേടിയുള്ള 124-ാം പതിപ്പിൽ ആദ്യ ദിനംതന്നെ മുൻനിര താരങ്ങൾ കോർട്ടിലിറങ്ങും.
പുരുഷ- വനിതാ താരങ്ങളിൽ ആര് കിരീടം ചൂടുമെന്നത് പ്രവചനാതീതമാണ്. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നർ മുതൽ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന സെർബിയയുടെ മുപ്പത്തെട്ടുകാരൻ നൊവാക് ജോക്കോവിച്ച് വരെ നീളുന്ന പ്രഗത്ഭരുടെ നിരയുണ്ട്.
ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് മൂന്നുമാസത്തെ വിലക്കിനുശേഷം ഈ മാസം കോർട്ടിൽ തിരിച്ചെത്തിയ സിന്നർ കിരീടം ചൂടാൻ സാധ്യത കൽപ്പിക്കുന്നവരിൽ ഒന്നാമനാണ്.
സിന്നറിനെ പരാജയത്തിന്റെ കയ്പ് നുണയിക്കാറുള്ള സ്പെയിന്റെ കാർലോസ് അൽകാരാസ്, സമ്മർദങ്ങളെ അതിജീവിക്കാൻ സമർഥനായ ജാക് ഡ്രെപ്പർ, നൊർവേയുടെ കാസ്പർ റൂഡ് എന്നിങ്ങനെ നീളുന്നു പ്രഗൽഭരുടെ നിര.
ജപ്പാന്റെ നിഷികോരി പരിക്കിനെത്തുടർന്നു പിന്മാറിയതോടെ നിലവിലെ ചാന്പ്യനായ അൽകാരാസ് വാക്കോവർ ലഭിച്ച് രണ്ടാം റൗണ്ടിൽ കടന്നു.
വനിതാ സിംഗിൾസിൽ കഴിഞ്ഞ അഞ്ച് ഫ്രഞ്ച് ഓപ്പണിൽ നാലും സ്വന്തമാക്കിയ ഇഗ ഷ്യാങ്ടെക് പ്രതീക്ഷയുടെ കൊടുമുടിയിലാണെങ്കിലും ഫോമില്ലായ്മ അലട്ടുന്നു. കന്നി കിരീടം കുറിക്കാൻ ലോക ഒന്നാം നന്പർ ബെലാറൂസിന്റെ അരീന സബലെങ്ക തുനിഞ്ഞിറങ്ങുന്പോൾ ഇറ്റാലിയൻ ഓപ്പണ്‍ ജേതാവ് ജാസ്മിൻ പൗളിനി ചരിത്രം കുറിക്കാനുള്ള അങ്കത്തിനാണൊരുങ്ങുന്നത്.