കിരീടം നാപൊളിക്ക്
Sunday, May 25, 2025 12:45 AM IST
നേപ്പിള്‍സ്: ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ 2024-25 സീസണ് കിരീടം നാപൊളിക്ക്. അന്റോണിയോ കോന്റെ പരിശീലിപ്പിക്കുന്ന ടീം ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ട്രോഫിയില്‍ മുത്തം വച്ചത്.
കാല്യെറിക്കെതിരായ ഹോം മത്സരത്തില്‍ ജയിച്ചാല്‍ കിരീടം ഉറപ്പിക്കാം എന്ന നിലയിലാണ് നാപൊളി ഇറങ്ങിയത്. കാരണം, ഒരു പോയിന്റ് വ്യത്യാസത്തില്‍ ഇന്റര്‍ മിലാന് തൊട്ടുപിന്നിലുണ്ടായിരുന്നു.
കാല്യെറിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് നാപൊളി കീഴടക്കി. ഇന്റര്‍ മിലാന് തങ്ങളുടെ അവസാന മത്സരത്തില്‍ 2-0നും ജയിച്ചു. അതോടെ 38 മത്സരങ്ങളില്‍ നാപൊളിക്ക് 82ഉം ഇന്ററിന് 81ഉം പോയിന്റ്. ശരിക്കും ഫോട്ടോഫിനിഷിലൂടെ നാപൊളി കിരീടത്തിലും.
42-ാം മിനിറ്റില്‍ അക്രോബാറ്റിക് ബൈസിക്കിള്‍ കിക്കിലൂടെ സ്കോട്ട് മക്ടോമിനെയാണ് നാപൊളിയെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍ സോളോ ഗോളിലൂടെ റൊമേലു ലുകാക്കു ടീമിന്റെ ജയം ഉറപ്പിച്ചു.
കോന്റെ റിക്കാര്‍ഡ്
ഇറ്റാലിയന്‍ സീരി എ കിരീടം മൂന്നു വ്യത്യസ്ത ടീമിനൊപ്പം നേടുന്ന ആദ്യപരിശീലകന്‍ എന്ന നേട്ടം നാപൊളി മാനേജര്‍ അന്റോണിയോ കോന്റെ സ്വന്തമാക്കി. യുവന്റസ്, ഇന്റര്‍ മിലാന് ടീമുകള്‍ക്കൊപ്പമായിരുന്നു മുമ്പ് കോന്റെ സീരി എ ട്രോഫി നേടിയത്.
അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണ നയിച്ചിരുന്ന നാപൊളി, നാലാം തവണയാണ് (1986-87, 1989-90, 2022-23, 2024-25) സീരി എ ചാമ്പ്യന്മാരാകുന്നത്.