ഡൽഹി ക്യാപ്പിറ്റൽസ് ജയത്തോടെ വിരാമമിട്ടു
Sunday, May 25, 2025 12:45 AM IST
ജയ്പുർ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിനു ഡൽഹി ക്യാപ്പിറ്റൽസ് ജയത്തോടെ വിരാമമിട്ടു. തങ്ങളുടെ അവസാന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ആറ് വിക്കറ്റിന് പഞ്ചാബ് കിംഗ്സിനെ കീഴടക്കി.
പഞ്ചാബ് കിംഗ്സ് പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ചതാണ്. ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. സ്കോർ: പഞ്ചാബ് കിംഗ്സ് 206/8 (20). ഡൽഹി ക്യാപ്പിറ്റൽസ് 208/4 (19.3).
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ പഞ്ചാബ് കിംഗ്സിനുവേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യർ (34 പന്തിൽ 53 റൺസ് നേടി. 16 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്ന മാർക്കസ് സ്റ്റോയിൻസാണ് പഞ്ചാബിന്റെ സ്കോർ 200 കടത്തിയത്.
2025 സീസണിൽ പഞ്ചാബ് കിംഗ്സ് 200ൽ അധികം സ്കോർ നേടുന്നത് ഇത് ഏഴാം തവണയാണ്. ജോഷ് ഇംഗ്ലിസും (12 പന്തിൽ 32) പഞ്ചാബ് ഇന്നിംഗ്സിനു കരുത്തേകി.
207 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസിനുവേണ്ടി അഞ്ചാം നന്പറായി ക്രീസിലെത്തിയ സമീർ റിസ്വി 25 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്നു. 14 പന്തിൽ 18 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും പുറത്തായില്ല. കരുൺ നായർ (27 പന്തിൽ 44), കെ.എൽ. രാഹുൽ (21 പന്തിൽ 35) എന്നിവരും ഡൽഹിക്കായി ബാറ്റിംഗിൽ തിളങ്ങി.