കൊച്ചിക്കടുത്ത് ചരക്കുകപ്പല്‍ ചെരിഞ്ഞു ; രാസപദാര്‍ഥവുമായി കണ്ടെയ്നറുകള്‍ കടലില്‍
Sunday, May 25, 2025 1:26 AM IST
കൊച്ചി: കൊച്ചിയില്‍നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെ (70.3 കിലോ മീറ്റര്‍) അറബിക്കടലില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് മറൈന്‍ ഗ്യാസ് ഓയിലുമായി പോയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടു.
26 ഡിഗ്രി ചെരിഞ്ഞ ചരക്കു കപ്പലില്‍നിന്ന് സള്‍ഫര്‍ അടങ്ങിയ പത്തിലധികം കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു. മറൈന്‍ ഗ്യാസ് ഓയില്‍ (എംജിഒ), വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ ഓയില്‍(വിഎല്‍എസ്എഫ്ഒ) എന്നിവയാണ് കടലില്‍ വീണ കണ്ടെയ്നറുകളിലുള്ളത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കേരള തീരത്തടിയാന്‍ സാധ്യതയുള്ള ഗുരതര രാസപദാര്ഥമുള്ള കണ്ടെയ്നറുകള്‍ സ്പര്‍ശിക്കാന്‍ പോലും പാടില്ലെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നല്കി. തീരപ്രദേശത്തുള്ളവരും മത്സ്യബന്ധനത്തിനടക്കം കടലില്‍ പോകുന്നവരും അതീവജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞാല്‍ പോലീസിനെയോ, 112 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ ഒമ്പതു പേര് ലൈഫ് റാഫ്റ്റ് ഉപയോഗിച്ച് കടലില്‍ ചാടി. ഇവരടക്കം 21 പേരെ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു രക്ഷപ്പെടുത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കപ്പലിലുള്ള ബാക്കി മൂന്ന് ജീവനക്കാരും സുരക്ഷിതരാണ്.
രക്ഷപ്പെടുത്തിയവരെ കൊച്ചി തീരത്ത് വൈകാതെ എത്തിക്കും. റഷ്യന്‍ സ്വദേശിയായ ഷിപ് മാസ്റ്റര്‍, 20 ഫിലിപ്പിനോ സ്വദേശികള്‍, രണ്ട് യുക്രെയ്ന് സ്വദേശികള്‍, ഒരു ജോര്‍ജിയ സ്വദേശി എന്നിവരാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് വെള്ളിയാഴ്ച രാവിലെയാണ് എംഎസ്സി എല്‍സാ 3 എന്ന ഫീഡര്‍ കപ്പല്‍ 400ലധികം കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കു തിരിച്ചത്. ഇന്നലെ വൈകിട്ട് 4.30ഓടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍, കൊച്ചി തീരത്തേക്ക് അടുക്കവേ ഉച്ചയ്ക്ക് 1.25ഓടെ കപ്പല്‍ അപകടത്തില്‍പ്പെട്ടു. ഉടന്‍ ക്യാപ്റ്റന്‍ സഹായം തേടി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനും നേവിക്കും വിവരം കൈമാറുകയായിരുന്നു.
കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും നേവിയുടെ ഐസിജി അര്‍ണ്‍വേഷ്, ഐസിജി സക്ഷം, ഐഎന്‍എസ് സുജാത, ഡോര്‍ണിയര്‍ വിമാനവും അപകട സ്ഥലത്തേക്ക് തിരിച്ചു. കടലിലേക്കു ചാടിയ ഒമ്പതു ജീവനക്കാരെയാണ് കോസ്റ്റ്ഗാര്‍ഡ് ആദ്യം രക്ഷിച്ചത്. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തി.
നാവികസേനയുടെ ഒരു കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടുകപ്പലുകളും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് അപകടസ്ഥലത്തുണ്ട്. കപ്പലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി കൂടുതല്‍ ലൈഫ് റാഫ്റ്റുകള് ചരക്കുകപ്പലിനടുത്തേക്ക് ഐസിജി വിമാനങ്ങള്‍ (ഡോര്‍ണിയര്‍) മുഖേന എത്തിച്ചിട്ടുണ്ട്.
അന്വേഷണം തുടങ്ങി ഷിപ്പിംഗ് കമ്പനി
കൊച്ചി: അപ്രതീക്ഷിതമായുണ്ടായ കപ്പലപകടത്തിന്റെ കാരണം തേടി ഷിപ്പിംഗ് കമ്പനിയായ എംഎസ്സി. സാധാരണയായി രണ്ടു കാരണങ്ങളാകാം കാര്‍ഗോ പോലുള്ള കണ്ടെയ്നര്‍ കപ്പലുകളെ പെട്ടെന്നുള്ള അപകടത്തിലേക്കു നയിക്കുക.
കടലിലുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും കണ്ടെയ്നറുകള്‍ അടുക്കിവയ്ക്കുന്നതിന്റെ അശാസ്ത്രീയത മൂലം ഉണ്ടായേക്കാവുന്ന അസന്തുലിതാവസ്ഥയുമാണ് അവ. ഇതില്‍ ഏതു കാരണമാകാം അപകടത്തിനിടയാക്കിയതെന്നാണ് കമ്പനി അന്വേഷിക്കുന്നത്.
ഇന്നലെ അപകടമുണ്ടായ സമയം ഈ മേഖലയില്‍ കാര്യമായ പ്രകൃതിക്ഷോഭം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അങ്ങനെയെങ്കില്‍ കണ്ടെയ്നര്‍ അടുക്കിവച്ചതിലുണ്ടായ പിഴവാകാം അപകടത്തിനിടയാക്കിയതെന്നാണു കരുതുന്നത്.
ഭാരം കൂടിയ കണ്ടെയ്നറുകള്‍ക്കു മുകളില്‍ ഭാരം കുറഞ്ഞ കണ്ടെയ്നറുകള്‍ അടുക്കിയാണ് കപ്പലുകള്‍ വഴി ചരക്കു നീക്കം നടക്കുന്നത്. യാത്രയ്ക്കിടെ കപ്പല്‍ ആടിയുലഞ്ഞാലും ബാലന്‍സ് നഷ്ടമാകാതിരിക്കാനാണിത്.
കപ്പലിലേക്ക് കണ്ടെയ്നര്‍ മാറ്റുന്നതിനു മുന്‍പായി കണ്ടെയ്നറിന്റെ ഭാരം അടിസ്ഥാനപ്പെടുത്തി അതാത് ഷിപ്പിംഗ് കമ്പനിയും പോര്‍ട്ട് അധികൃതരും ചേര്‍ന്ന് ഏതൊക്കെ കണ്ടെയ്നറുകള്‍ എവിടെയൊക്കെ സ്ഥാപിക്കണമെന്ന് ധാരണ ഉണ്ടാക്കാറുണ്ട്.