വനംവകുപ്പിനെതിരായ സമരം; വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ച് ഇതര മതസ്ഥരും
Sunday, May 25, 2025 1:26 AM IST
തൊടുപുഴ: ജനവാസമേഖലകൾ പിടിച്ചെടുത്ത് തങ്ങളെ പെരുവഴിയിലാക്കാനുള്ള വനംവകുപ്പിന്റെ കുത്സിത നീക്കത്തിനെതിരേ തൊമ്മൻകുത്തിലെ നാനാജാതി മതസ്ഥരായ ആളുകൾ പ്രതിഷേധവുമായി രംഗത്ത്.
ആറു പതിറ്റാണ്ടിലേറെയായി കൈവശംവച്ച് മണ്ണിൽ വിയർപ്പൊഴുക്കി പൊന്നു വിളയിച്ച ഭൂമിയിൽ നിന്ന് ആരുവിചാരിച്ചാലും കുടിയിറങ്ങില്ലെന്ന ദൃഢ പ്രതിജ്ഞയുമായാണ് നാട്ടുകാർ പുതിയ സമരമുഖം തുറക്കുന്നത്. നേരത്തേ ഇടവകാംഗങ്ങൾ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സമരരീതി ഇതര മതസ്ഥരും ഏറ്റെടുത്തിരിക്കുന്നത്.
തൊമ്മൻകുത്ത് പള്ളി കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് പിഴുതെറിഞ്ഞ വനംവകുപ്പിനെതിരേ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ നാരങ്ങാനത്ത് വടുതലായിൽ പ്രകാശന്റെ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ച് പ്രതിഷേധത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്.
വരുംദിവസങ്ങളിൽ കൂടുതൽ ഇതരമതസ്ഥരുടെ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ച് വനംവകുപ്പിനെതിരേ ആഞ്ഞടിക്കാനാണ് തീരുമാനം. മരിക്കേണ്ടി വന്നാലും ഇവിടം വിട്ടൊഴിയില്ലെന്നാണ് പ്രദേശവാസികളുടെ തീരുമാനം. പ്രദേശത്തെ കർഷകരുടെ സ്വൈരജീവിതം താറുമാറാക്കുന്ന നിലപാടാണ് വനംവകുപ്പു സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ജനങ്ങൾ ഉയർത്തുന്നത്.
പട്ടയഭൂമിയിലെ ഉൾപ്പെടെ മരം മുറിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാലുപിടിക്കേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. മരം മുറിക്കാൻ കൈക്കൂലി ചോദിക്കുന്ന വനംഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറായില്ലെങ്കിൽ ഇതുവരെ കാണാത്ത സമരരീതി സ്വീകരിക്കേണ്ടിവരുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.
കുരിശ് പിഴുതെറിഞ്ഞ സ്ഥലത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് കളക്ടറുടെ നിർദേശാനുസരണം തൊടുപുഴ തഹസിൽദാർ സ്ഥലത്തെത്തി പ്രദേശവാസികളിൽ നിന്നു വിവരങ്ങൾ ചോദിച്ചറിയുകയും കാര്യങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന വനം-റവന്യുവകുപ്പുകളുടെ സംയുക്ത യോഗത്തിൽ തഹസിൽദാർ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നല്കിയത് വനംവകുപ്പിന് തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടെയാണ് വ്യത്യസ്ത സമരമുറയുമായി നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചത്.