മില്‍മയിൽ പുനര്‍നിയമനം നല്കിയ എംഡിയെ മാറ്റിനിര്‍ത്താന്‍ തീരുമാനം
Sunday, May 25, 2025 1:26 AM IST
തിരുവനന്തപുരം: സര്‍വീസില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥനെ മില്‍മ തിരുവനന്തപുരം യൂണിയന് എംഡിയായി പുനര്‍നിയമനം നല്കിയ നടപടി റദ്ദാക്കാൻ തീരുമാനം. മില്‍മയിലെ വിവിധ യൂണിയനുകളുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ഇതേത്തുടര്‍ന്ന് മില്‍മയില്‍ യൂണിയനുകള്‍ നടത്തിവന്ന സമരം പൂര്‍ണമായും അവസാനിപ്പിച്ചു.
മില്‍മ തിരുവനന്തപുരം യൂണിയന് എംഡി ഡോ. പി. മുരളിക്ക് പുനര്‍ നിയമനം നല്‍കിയതിനെതിരെ യൂണിയനുകളുടെ നേതൃത്വത്തിലുള്ള മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചര്‍ച്ച നടന്നത്. തൊഴില്‍- ക്ഷീരവികസന മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
മലബാറില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എംഡിയായ വന്ന പി. മുരളി കഴിഞ്ഞ മാസം സര്‍വീസില്‍നിന്നു വിരമിച്ചിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന് സര്‍ക്കാര്‍ രണ്ടുവര്‍ഷംകൂടി പുനര്‍നിയമനം നല്കി.
മില്‍മയുടെ ബൈലോ പ്രകാരം നിലവിലുള്ള മുതിര്‍ന്ന ഓഫീസര്‍മാരില്‍നിന്ന് സ്ഥാനക്കയറ്റം വഴി മാത്രമേ എംഡിയെ തെരഞ്ഞെടുക്കാനാവൂ. പുനര്‍നിയമനം താഴെത്തട്ടിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതയെ ഇല്ലാതാക്കുമെന്ന വാദമുയര്‍ത്തിയായിരുന്നു യൂണിയനുകളുടെ പ്രതിഷേധം.
മിൽമ പാൽ കവറിൽ സൈബർ തട്ടിപ്പ് മുന്നറിയിപ്പ്
തിരുവനന്തപുരം: മിൽമയുടെ പാൽ കവറിൽ ഇനിമുതൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുമായി സൈബർ പോലീസ്. ഓണ്‍ലൈൻ തട്ടിപ്പുകളിൽ ചെന്നു ചാടരുതെന്ന് ‘മിൽമ’യോടൊപ്പം ചേർന്ന് പോലീസ് ഓർമപ്പെടുത്തും.
‘സ്റ്റേ സേഫ് ഓണ്‍ലൈൻ’ എന്ന വാചകത്തിന് പിന്നാലെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നന്പറും cybercrime.gov.in എന്ന വെബ്സൈറ്റ് വിലാസവും മിൽമയുടെ പാൽ കവറിന്റെ പുറത്തുണ്ടാകും.
ഇന്നുമുതൽ വിതരണം ചെയ്യുന്ന മിൽമ പാൽ കവറുകളിലാണ് പോലീസിന്റെ എംബ്ലവുമടങ്ങിയിട്ടുള്ളത്. രണ്ടു മാസത്തേക്കാണ് ബോധവത്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പാക്കറ്റ് പാൽ വിതരണം ചെയ്യുന്നത്.