സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയംപുകഴ്ത്തല്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
Sunday, May 25, 2025 1:26 AM IST
കോട്ടയം: നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയംപുകഴ്ത്തല് റിപ്പോര്‍ട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സതീശന്.
ഹൈവേ വീഴുന്നതു പോലെയാണ് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ നിലം പൊത്തുന്നത്. ഹൈവേയുടെ കാര്യത്തില്‍ തെറ്റായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. 2013ല്‍ യുപിഎ സര്‍ക്കാര്‍ റൈറ്റ് ടു ഫെയര്‍ കോന്പന്‍സേഷന്‍ ആക്ട് കൊണ്ടുവന്നതോടെയാണ് സെന്റിന് എട്ടും പത്തും ലക്ഷം നല്കി സ്ഥലം ഏറ്റെടുക്കാനായത്. ആ നിയമം നടപ്പായതു കൊണ്ടാണ് ഈ സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചത്.
വാല്യൂ ക്യാപ്ചര്‍ ഫിനാന്‍സ് എഗ്രിമെന്റില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയാണ് മറ്റൊരു അവകാശവാദം. 4000 പേജുകളുള്ള പാരിസ്ഥിതിക പഠനറിപ്പോര്‍ട്ട് ഉണ്ടാക്കിയതും അത് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്.
90 ശതമാനം സ്ഥലവും ഏറ്റെടുത്തു നല്കി. ആയിരം ദിവസത്തിനകം നിര്‍മാണം തീര്‍ക്കാനുള്ള കൗണ്ട് ഡൗൺ ആരംഭിച്ച് പണിയും തുടങ്ങി. 2019ല്‍ തീരേണ്ട പണി 2025 വരെ വൈകിച്ചു എന്നതു മാത്രമാണ് പിണറായി സര്‍ക്കാരിന്റെ ക്രെഡിറ്റ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പണിത പാലാരിവട്ടം പാലത്തിന്റെ ടാറിംഗ്പൂര്ത്തിയാക്കിയത് പിണറായി സര്‍ക്കാരാണ്. ആ പാലം തകര്‍ന്നുവീണില്ല. എന്നാല്‍ അപാകതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുപ്രചരണങ്ങളാണ് നടത്തിയത്. മന്ത്രിയെ വരെ വിജിലന്‍സ് കേസില്‍പ്പെടുത്തി.
ഇപ്പോള്‍ നൂറിലധികം സ്ഥലത്ത് വിള്ളല്‍ വീണിട്ടും കേന്ദ്രസര്‍ക്കാരിനെയോ എന്എച്ച്എഐയെയോ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനു പരാതിയില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി.
കെ ഫോണ്‍ 20 ലക്ഷം പേര്‍ക്ക് കണക്ഷന് നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതുവെ ആറായിരത്തോളം പേര്‍ക്ക് മാത്രമാണ് കണക്ഷന് കൊടുക്കാനായത്. സൗജന്യ ഇന്റർനെറ്റാണെന്നു പറഞ്ഞത് ഇപ്പോള്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
നെല്ല് സംഭരണവും നാളികേര സംഭരണവും പാളിപ്പോയി. കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്. മലയോരജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ പാക്കേജും ഇടുക്കി, വയനാട് പാക്കേജുകളും നടപ്പാക്കിയിട്ടില്ലെന്നും സതീശന് പറഞ്ഞു.
പ്രതിപക്ഷം എല്ലാറ്റിനെയും എതിര്‍ക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കെ റെയിലിനെ മാത്രമേ എതിര്‍ത്തിട്ടുള്ളൂ. കെ -റെയില്‍ പണിതിരുന്നെങ്കില്‍ പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകര്‍ക്കും.
ഒരു കാരണവശാലും കെ-റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല.കേന്ദ്രാനുമതി വാങ്ങി വന്നാലും കെ-റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.