കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു
Sunday, May 25, 2025 1:26 AM IST
വടകര: അഴിയൂരില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. കരിയാട് മുക്കാളിക്കര കുളത്തുവയല്‍ രജീഷാണ് (46) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഴിയൂര്‍ പരദേവത ക്ഷേത്രത്തിന് സമീപം ചാലില്‍ വേണുവിനെയാണ് (60) രക്ഷപ്പെടുത്തിയത്.
അഴിയൂര്‍ രണ്ടാം വാര്‍ഡില്‍ വേണുഗോപാല ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.
ആറു പേരടങ്ങിയ സംഘമാണ് കിണര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടത്. വേണുവും രജീഷും താഴെയായിരുന്നു. ഇന്നലത്തെ ജോലി അവസാനിപ്പിക്കാനിരിക്കെയാണ് പൊടുന്നനെ മണ്ണിടിഞ്ഞത്. ഈ മേഖലയില്‍ കനത്ത മഴയാണ്. ഇതിനിടയിലാണ് അപകടം.
വേണുവിനെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് രജീഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.
മാഹിയിലെയും വടകരയിലെയും ഫയര്‍ഫോഴ്സും ചോമ്പാല പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താല്‍ മണ്ണ്നീക്കിയാണ് രജീഷിനെ പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കരിയാട് മുക്കാളിക്കര കുളത്തുവയല്‍ പരേതനായ സാമിക്കുട്ടിയുടെയും ജാനകിയുടെയും മകനായ രജീഷ് ചെന്നൈയിലും ഗള്‍ഫിലുമായിരുന്നു. നാട്ടിലെത്തിയ ശേഷം കുറച്ചു കാലമായി നിര്‍മാണമേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: രജിത. മക്കള്‍: അവ്യൂഗ, അന്‍വിക. സഹോദരങ്ങള്‍: ചിത്രലേഖ, പുഷ്പലത, ഷീബ. അനിഷ (അഴിയൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), മജീഷ്, ഷെറിന്.