‘പിഎം കിസാൻ’ പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ്
Sunday, May 25, 2025 1:26 AM IST
തിരുവനന്തപുരം: കർഷകർക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പിഎം കിസാൻ പദ്ധതിയുടെ പേരിലും സൈബർ തട്ടിപ്പിനു വ്യാപക ശ്രമം നടത്തുന്നതായി മുന്നറിയിപ്പ്. 2018 മുതൽ രാജ്യത്തു നടപ്പാക്കുന്ന ‘പിഎം കിസാൻ’ പദ്ധതി വഴി കർഷകർക്ക് സാന്പത്തിക സഹായം നൽകിവരുന്നുണ്ട്.
ഈ പദ്ധതിയുടെ പേരിൽ കർഷകരെയും ഭൂ ഉടമകളെയും ലക്ഷ്യമിട്ടാണ് സൈബർ തട്ടിപ്പ്. വാട്സാപ്പിലൂടെ പിഎം കിസാൻ യോജനയെ കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ഒരു ആപ്ലിക്കേഷൻ ഫയൽ കൂടി ലഭിക്കും. പണം തുടർന്നു ലഭിക്കണമെങ്കിൽ ആപ്ലിക്കേഷൻ ഫയൽ (എപികെ) ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.
ഈ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആപ്പ് എസ്എംഎസ് അനുമതി നൽകാൻ ആവശ്യപ്പെടും. ഇതിന് അനുമതി നൽകിയാൽ എസ്എംഎസ് നിരീക്ഷിക്കാനും ഒടിപി ആക്സസ് ചെയ്യാനും തട്ടിപ്പുകാർക്കു കഴിയും. ഇതുവഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറ്റവാളികൾക്ക് നിഷ്പ്രയാസം പണം പിൻവലിക്കാൻ കഴിയുമെന്ന് സൈബർ പോലീസ് പറയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പു നൽകുന്നുണ്ട്. ഇത്തരം ഓണ്‍ലൈൻ സാന്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 1930 എന്ന സൗജന്യ നന്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും നിർദേശിച്ചു.