ചത്ത കാട്ടുപന്നിയുടെ പിന്നാലെ പോകേണ്ട: മുഖ്യമന്ത്രി
Sunday, May 25, 2025 1:26 AM IST
തിരുവനന്തപുരം: ചത്ത കാട്ടുപന്നിയുടെ പിന്നാലെ പോകേണ്ടതില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുനടന്ന ജില്ലാ തല അവലോകനയോഗത്തിൽ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊന്ന കാട്ടുപന്നികളെ വെളിച്ചെണ്ണ ഉപയോഗിച്ചാണോ മണ്ണെണ്ണ ഉപയോഗിച്ചാണോ സംസ്കരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചു പോകേണ്ടതില്ല. മറ്റു പല രാജ്യങ്ങളിലും വന്യമൃഗങ്ങളുടെ പെരുപ്പം തടയുന്നതിന് അവയെ കൊല്ലാൻ അനുമതിയുണ്ട്. എന്നാൽ ഇവിടെ അതിനെ തൊടാൻ കഴിയില്ല എന്നതാണ് നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാവിയിൽ ഈ തീരുമാനം തിരുത്തേണ്ടിവരും. കാട്ടുപന്നിയെ കൊല്ലാൻ ഇപ്പോൾ പഞ്ചായത്തുകൾക്ക് അനുമതിയുണ്ട്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ സംസ്ഥാന സർക്കാരിനെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യും. തെരുവുനായ്ക്കളെ കുറയ്ക്കാൻ ഷെൽട്ടറുകളും വന്ധ്യംകരണവുമാണ് മാർഗം.
വന്ധ്യംകരണത്തിന് കേന്ദ്രം നിശ്ചയിച്ച വ്യവസ്ഥകളോട് ജനങ്ങൾക്കുള്ള എതിർപ്പ് പ്രശ്നമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.