എട്ടുവയസുകാരിയെ മർദിച്ച പിതാവ് അറസ്റ്റിൽ
Sunday, May 25, 2025 1:24 AM IST
ചെറുപുഴ: എട്ട് വയസുകാരിയെ മർദിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതിനെത്തുടർന്ന് പിതാവിനെ അറസ്റ്റ് ചെയ്തു. പ്രാപ്പൊയിൽ ഈസ്റ്റിലെ ജോസ് എന്ന മാമച്ചനെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയെ ഉപദ്രവിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, അപായപ്പെടുത്താന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി.
കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി എറ്റെടുക്കും. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ചെറുപുഴ പോലീസ് ഇന്നലെ രാവിലെ എട്ടോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഭാര്യ ഉപേക്ഷിച്ച് പോയതോടെ പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു കുട്ടികൾ ജോസിനൊപ്പമാണ് താമസിച്ചിരുന്നത്. നേരത്തേ ചിറ്റാരിക്കാൽ മലാങ്കടവിൽ താമസിച്ചിരുന്ന ഇവർ പിന്നീട് പ്രാപ്പൊയിലിലെ വാടകവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വീടിനുള്ളിൽവച്ചു മർദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. വീഡിയോ ഭാര്യക്ക് അയച്ചുകൊടുക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് വെള്ളിയാഴ്ച പോലീസ് കുട്ടികളോട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. അമ്മയെ തിരികെ കൊണ്ടുവരുന്നതിനായി പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് കുട്ടികളും ജോസും പോലീസിനോടും നാട്ടുകാരോടും പറയുന്നത്. എന്നാൽ, പോലീസ് ഇത് പൂർണ വിശ്വാസത്തിലെടുത്തിട്ടില്ല. അതിനിടെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രദേശത്തെ ചിലയാളുകൾ വീഡിയോ കണ്ടതിനെത്തുടർന്ന് വീടിനുള്ളിൽ കടന്ന് തന്നെ മർദിച്ചതായി ജോസ് പറഞ്ഞു.
അക്രമികളിൽനിന്നു രക്ഷപ്പെട്ട് രാത്രി സമീപത്തെ തോട്ടിൽ ഇയാളും കുട്ടികളും ഒളിച്ചു. പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച ജോസ് കുട്ടികളെ കർണാടകയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് കാറിൽ പറഞ്ഞയയ്ക്കുകയും ചെയ്തു.
ഇന്നലെ രാവിലെയാണ് ജോസിനെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതിനാൽ ഒരിക്കൽകൂടി കുട്ടികളുടെയും ബന്ധപ്പെട്ടവരുടെയും മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്. കുട്ടികളെ ജോസ് നന്നായി നോക്കുന്നുവെന്ന സമീപവാസികളുടെ അഭിപ്രായവും പോലീസിനെ കുഴക്കുന്നുണ്ട്.
കുട്ടികൾക്ക് തുടർസംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസുകാരിയെ അച്ഛൻ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആവശ്യമായ ഇടപെടൽ നടത്താൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.
കുട്ടികൾക്ക് തുടർസംരക്ഷണം ഉറപ്പാക്കും. കണ്ണൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസർ തുടർനടപടികൾ സ്വീകരിച്ചു. കുട്ടികൾക്ക് ആവശ്യമായ കൗൺസലിംഗ് നല്‍കും.
ആവശ്യമാണെങ്കിൽ കുട്ടികളെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രവിക്കുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.