മണൽവാരൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
Sunday, May 25, 2025 1:26 AM IST
കൊടുങ്ങല്ലൂർ: മണൽ കയറ്റിവന്ന വഞ്ചി മറിഞ്ഞു യുവാവ് മരിച്ചു. ഒരാളെ കാണാതായി. വഞ്ചിയിൽ ഉണ്ടായിരുന്ന മറ്റു രണ്ടു തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു. അഴിക്കോട് പടന്ന പാലയ്ക്കപ്പറമ്പിൽ സത്യന്റെ മകൻ സന്തോഷ്(38) ആണ് മരിച്ചത്. മേനോൻബസാർ ഓട്ടനാട്ട് പ്രദീപി(52)നെയാണ് കാണാതായത്.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം. ഇവർ മണൽ വാരി പടന്നയിലേക്കു വരുന്നതിനിടയിൽ കോട്ടപ്പുറം കോട്ട കാഞ്ഞിരപ്പുഴിയിൽവച്ചുണ്ടായ കനത്ത മഴയിലും കാറ്റിലും അകപ്പെട്ട് വഞ്ചി മറിയുകയായിരുന്നു. രക്ഷപ്പെട്ടവർ കരയിലെത്തി ബഹളംവച്ചതിനെതുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ മഴയും കാറ്റുമായതിനാൽ ആരെയും കണ്ടത്താനായില്ല.
വിവരം അറിയിച്ചതിനെതുടർന്ന് രാവിലെ കൊടുങ്ങല്ലൂരിൽനിന്നു ഫയർഫോഴ്സും പോലീസും സ്കൂബ ടീമും എത്തി നാട്ടുകാരോടൊപ്പം തെരച്ചിൽ നടത്തി പതിനൊന്നരയോടെ സന്തോഷിന്റെ മൃതദേഹം കണ്ടെടുത്തു. പ്രദീപിനുവേണ്ടി വൈകിയും തെരച്ചിൽ തുടരുകയാണ്. സന്തോഷിന്റെ അമ്മ: രതി. ഭാര്യ: അഞ്ജു. എട്ടും മൂന്നും വയസായ രണ്ടു കുട്ടികളുണ്ട്.