പാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Sunday, May 25, 2025 1:24 AM IST
മാഹി: കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ റെയിൽ പാളത്തിൽ തെങ്ങ് പൊട്ടിവീണതിനെത്തുടർന്ന് കോഴിക്കോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി.
റെയിൽ പാളങ്ങളുടെ സമീപത്തെ പറമ്പിലെ തെങ്ങ് കനത്ത കാറ്റിൽ ട്രാക്കിലേക്ക് കടപുഴകി വീഴുകയായിരുന്നു.
തെങ്ങ് റെയിൽവേയുടെ ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈനിൽ തട്ടി വീണതിനെ തുടർന്ന് വൈദ്യുതി സംവിധാനവും തകരാറിലായി. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
അപകടത്തെ തുടർന്ന് കന്യാകുമാരിയിൽനിന്ന് പരശുറാം എക്സ്പ്രസ് തിക്കോടിയിലും മംഗളൂരു ഭാഗത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് കോഴിക്കോട്ടും മംഗള എക്സ്പ്രസ് എലത്തൂരും ഹിസാർ എക്സ്പ്രസ് വെസ്റ്റ് ഹില്ലിലും പിടിച്ചിട്ടു.