ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണംതട്ടിയ കേസ്: ഒരാൾ അറസ്റ്റിൽ
Sunday, May 25, 2025 1:24 AM IST
കിഴക്കന്പലം: ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷൻ മുല്ലോത്തു കാട് വീട്ടിൽ അനന്തു കൃഷ്ണ(27) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
നിരവധിപ്പേർ ഉൾപ്പെട്ട തട്ടിപ്പു സംഘം ഫോൺ മുഖാന്തിരവും സാമൂഹ്യ മാധ്യമമായ സ്കൈപ് വഴിയും പരാതിക്കാരനുമായി ബന്ധപ്പെട്ട് കൊറിയർ അയച്ച പാഴ്സൽ കസ്റ്റംസിൽ കുടുങ്ങിയതായി വ്യാജവിവരം നൽകുകയായിരുന്നു. പാഴ്സലിൽ ഉണ്ടായിരുന്നത് അഞ്ച് പാസ്പോർട്ട്, ലാപ്ടോപ്, ബാങ്ക് ഡോക്യുമെന്റുകൾ, 400 ഗ്രാം എംഡിഎംഎ, വസ്ത്രങ്ങൾ എന്നിവയാണെന്നും ധരിപ്പിച്ചു.
ഇതേക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞപ്പോൾ ഐഡി മിസ് യൂസ് ചെയ്തതാകാമെന്നും, ബന്ധപ്പെട്ട കേസിൽ നിന്നും ഒഴിവാക്കുന്നതിനാണെന്നു പറഞ്ഞ് പരാതിക്കാരന്റെ ആധാർ വിവരങ്ങൾ വാങ്ങുകയും ചെയ്തു. പിന്നീട് ഇഡി ഉദ്യോഗസ്ഥരെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു.
പരാതിക്കാരന്റെ രണ്ട് അക്കൗണ്ടുകളിൽനിന്നായി 27,49,898 രൂപ തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് ട്രാൻസഫർ ചെയ്യിച്ചാണ് പണം തട്ടിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ തട്ടിപ്പുസംഘം കൈക്കലാക്കിയ പണം പലർക്കും അയച്ചുകൊടുത്തിട്ടുള്ളതായി തെളിഞ്ഞു.
ഇപ്രകാരം അനന്തു കൃഷ്ണന്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായി മനസിലാക്കാൻ സാധിച്ചു. ഇതേത്തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പുസംഘത്തിൽപ്പെട്ട ആളാണെന്ന് മനസിലായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. എഎസ്പി ശക്തിസിംഗ് ആര്യയുടെ നേതൃത്വത്തിലാണ് അന്വേഷണം.