കോഴിക്കോട്ടെ ലോഡ്ജില്‍ കൊല്ലം സ്വദേശി കഴുത്തറത്ത് മരിച്ച നിലയില്‍
Sunday, May 25, 2025 1:24 AM IST
കോഴിക്കോട്: ബേപ്പൂര്‍ ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജ് മുറിയിൽ കൊല്ലം ഇരവിപുരം സ്വദേശിയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ബേപ്പൂരില്‍ വലപ്പണിക്കാരനായ സോളമൻ (58) എന്നയാളുടെ മൃതദേഹമാണ് ത്രീ സ്റ്റാര്‍ എന്ന ലോഡ്ജ് മുറിയില്‍ രാവിലെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. വെള്ളിയാഴ്ച രാത്രി സോളമനൊപ്പം ഉണ്ടായിരുന്നെന്ന് കരുതുന്ന നാലുപേര്‍ക്കായി അന്വേഷണം ആരംഭിച്ചു.
മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന് ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയിൽ എത്തിയത്. അനീഷ് രണ്ട് ദിവസം മുമ്പ് നാട്ടിലേക്ക് പോയിരുന്നു. റൂമിലുണ്ടായിരുന്ന അനീഷിന്റെ നാല് സുഹൃത്തുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അനീഷിന്റെ സുഹൃത്തുക്കള്‍ വിളിച്ചിട്ടാണ് സോളമന് ഇവിടെ എത്തിയതെന്നാണ് സൂചന. ഇവര്‍ മദ്യപിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. രക്തം കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.