ട്രെയിൻ തട്ടിയ വിദ്യാർഥിയെ ജീവിതത്തിലേക്കു തിരികെ വിളിച്ച് മൂന്നുപേർ
Sunday, May 25, 2025 1:26 AM IST
ശ്രീജിത് കൃഷ്ണൻ
നീലേശ്വരം: നമ്മുടെ കൺമുന്നിൽവച്ച് ഒരാൾ ട്രെയിൻ തട്ടി വീണാൽ നമ്മളെന്തു ചെയ്യും..? ചിലർ പെട്ടെന്ന് മുഖം തിരിക്കുകയോ കണ്ണടയ്ക്കുകയോ ചെയ്യുമായിരിക്കും. അല്ലെങ്കിൽ നിസംഗതയോടെ കണ്ടുനിൽക്കും. അല്പംകൂടി ഉത്തരവാദിത്വമുള്ളവരാണെങ്കിൽ ഉടൻതന്നെ പോലീസിനെയോ റെയിൽവേ അധികൃതരെയോ വിളിച്ച് വിവരം പറഞ്ഞേക്കാം. എന്നാൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞങ്ങാട് റീജണൽ ഓഫീസിലെ ജീവനക്കാരനായ നീലേശ്വരം സ്വദേശി കെ. ഗിരീഷ് കുമാർ ഇങ്ങനെയൊരു രംഗം കൺമുന്നിൽ കണ്ടപ്പോൾ പെട്ടെന്നുതന്നെ ചിന്തിച്ചത് ആ ജീവൻ തിരിച്ചുപിടിക്കാൻ വല്ല വഴിയും അവശേഷിച്ചിട്ടുണ്ടോ എന്നുമാത്രമാണ്.
ഭാവിയിൽ ചെന്നുപെട്ടേക്കാവുന്ന നിയമക്കുരുക്കുകളെക്കുറിച്ചൊന്നും ചിന്തിക്കാതെ ഗിരീഷ് പാളത്തിലേക്കിറങ്ങി ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ വീണുകിടന്ന വിദ്യാർഥിയെ പുറത്തേക്ക് വലിച്ചെടുത്തു. രംഗം കണ്ടുനിന്നവർക്കിടയിൽനിന്ന് ഒരു വിദ്യാർഥിനിയും റെയിൽവേ പാർക്കിംഗ് കേന്ദ്രത്തിലെ കരാർ ജീവനക്കാരനും സഹായിക്കാനെത്തി. സുമനസുകളാരോ വിളിച്ചുവരുത്തിയ ആംബുലൻസിൽ കയറ്റി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു.
നീലേശ്വരം റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള തേജസ്വിനി സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ച പ്ലസ്ടു വിദ്യാർഥി പരപ്പ ബിരിക്കുളം കൂടോലിലെ അക്ഷയ് (17) ഇപ്പോഴിതാ അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്.ബാങ്കിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗിരീഷ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കാസർഗോഡ് ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്ന ഭാര്യ രജിനയെ കൂട്ടാനാണ് വ്യാഴാഴ്ച വൈകുന്നേരം ആറോടെ നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കാസർഗോട്ടുനിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനിലാണ് രജിന വരാനുണ്ടായിരുന്നത്. അതേസമയം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ കണ്ണൂരിൽനിന്നെത്തിയ കണ്ണൂർ-കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അക്ഷയ് വീണത്.
ജീവന്റെ തുടിപ്പ് കണ്ടപ്പോൾ
ട്രെയിനിന് ഇവിടെ സ്റ്റോപ്പുള്ളതിനാൽ വേഗത സാമാന്യം കുറവായിരുന്നു. ട്രെയിൻ തട്ടിവീണ അക്ഷയിനെ മറികടന്ന് എൻജിനും രണ്ട് കോച്ചുകളും മുന്നോട്ടു പോയതിനുശേഷമാണ് നിന്നത്. ഉടൻതന്നെ ലോക്കോ പൈലറ്റ് ട്രെയിനിൽനിന്നിറങ്ങി ട്രെയിൻതട്ടി വീണ ആളിന്റെ ഫോട്ടോ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മൊബൈലിൽ പകർത്തി
. ഒരാൾ ട്രെയിൻതട്ടി മരിച്ചതായി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ചുറ്റുപാടും ആളുകൾ ഓടിക്കൂടുന്നതിനിടയിലാണ് ഗിരീഷ് മുന്നോട്ടുവന്ന് ട്രെയിൻ തട്ടിയ ആളിന് ചലനമുണ്ടെന്നു ചൂണ്ടിക്കാട്ടിയത്. അത് സ്വാഭാവികമാണെന്ന മട്ടിൽ റെയിൽവേ അധികൃതർ നിസംഗത പാലിച്ചപ്പോൾ സ്വന്തം ഉത്തരവാദിത്വത്തിൽ അക്ഷയിനെ പുറത്തേക്ക് വലിച്ചെടുക്കാൻ ഗിരീഷ് തയാറാവുകയായിരുന്നു.
സഹായഹസ്തം നീട്ടി മേഘനയും അനൂപും
ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്ന റെയിൽവേ പാർക്കിംഗ് കേന്ദ്രം ജീവനക്കാരൻ അനൂപും കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ എംഎ മലയാളം വിദ്യാർഥിനിയായ പയ്യന്നൂർ സ്വദേശിനി മേഘ്നയും ഗിരീഷിനെ സഹായിക്കാനെത്തി. കണ്ണൂരിലേക്കുള്ള ട്രെയിനിൽ കയറി പോകേണ്ടിയിരുന്ന മേഘ്ന അതുപോലും മാറ്റിവച്ചാണ് ഇവരെ സഹായിക്കാനിറങ്ങിയത്. മൂവരുടെയും വസ്ത്രങ്ങളിൽ രക്തം പുരണ്ടതൊന്നും അവർ കാര്യമാക്കിയില്ല.
അക്ഷയിനെ പുറത്തേക്ക് വലിച്ചെടുത്ത് ആംബുലൻസിൽ കയറ്റി തേജസ്വിനി ആശുപത്രിയിലെത്തിച്ച ശേഷം മാത്രമാണ് മൂവരും മടങ്ങിയത്. ഇതിനകം സ്റ്റേഷനിലെത്തിയിരുന്ന ഭാര്യ രജിനയെ ഗിരീഷ് വിളിച്ച് വിവരം പറഞ്ഞിരുന്നു. രാത്രി വൈകി അക്ഷയ് അപകടനില തരണം ചെയ്തെന്ന വിവരം അറിഞ്ഞതോടെ അധികമാർക്കും കിട്ടാത്തൊരു സന്തോഷമാണ് ഇവർക്കുണ്ടായത്.