സഭയിൽ കൂരിയയുടെ പ്രാധാന്യം എന്നെന്നും നിലനില്ക്കും: ലെയോ പതിനാലാമൻ മാർപാപ്പ
Sunday, May 25, 2025 1:24 AM IST
വത്തിക്കാൻ സിറ്റി: മാർപാപ്പമാർ വന്നും പോയുമിരിക്കുമെങ്കിലും കൂരിയ നിലനിൽക്കുമെന്ന് ലെ യോ പതിനാലാമൻ മാർപാപ്പ കൂരിയയിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇക്കാര്യം പ്രാദേശിക സഭകൾക്കും രൂപതാ കൂരിയകൾക്കും റോമൻ കൂരിയയ്ക്കും ബാധകമാണ്. മെത്രാന്മാരുടെ ശുശ്രൂഷയുടെ ഓർമ നിലനിർത്തുകയും കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് കൂരിയ. ഇതു വളരെ സുപ്രധാനമാണെന്നും മാർപാപ്പ പറഞ്ഞു.
ആഹാരത്തിന് സ്വാദ് പകരുന്ന ഉപ്പുപോലെയാണ് വിശ്വാസവും പ്രാർഥനയുമെന്നും പ്രായോഗികവും പ്രാർഥനാപൂർണവുമായ ഈ ചേരുവകൾ ദൈനംദിന കാര്യങ്ങളിൽ ചേർക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. മാർപാപ്പയായശേഷം റോമൻ കൂരിയയിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്നലെ നടന്നത്.
""സഭയെക്കുറിച്ചുള്ള ചരിത്രപരമായ സ്മരണകൾ കാത്തുസൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കൂരിയയാണ്. ഇതു വളരെ പ്രധാനമാണ്. ഏതൊരു ജീവജാലത്തിന്റെയും നിലനിൽപ്പിന് ഓർമ വള രെയേറെ ആവശ്യമാണ്. ഭൂതകാലത്തേക്ക് തിരിച്ചുവച്ചിരിക്കുന്ന ഒന്നു മാത്രമല്ല, വർത്തമാനത്തെ പരിപോഷിപ്പിക്കുകയും ഭാവിയെ നയിക്കുകയും ചെയ്യുന്നതാണ് ഓർമ. ഓർമകളില്ലെങ്കിൽ നമുക്ക് വഴി തെറ്റുകയും യാത്ര അർഥശൂന്യമാകുകയും ചെയ്യും’’ -അദ്ദേഹം പറഞ്ഞു.
കൂരിയയിൽ ജോലി ചെയ്യുകയെന്നാൽ റോമൻ ശ്ലൈഹിക സിംഹാസനത്തിന്റെ ഓർമ നിലനിർത്തുകയെന്നാണ് അർഥം. അങ്ങനെ പത്രോസിനടുത്ത ശുശ്രൂഷ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. വത്തിക്കാനിലെ കൂരിയയിലെ ഓരോ വിഭാഗവും ഈ ശുശ്രൂഷയാണ് നിർവഹിക്കുന്നത്. അങ്ങനെ മുൻപ് പറഞ്ഞ ഓർമ നിലനിർത്തുകയും ചെയ്യുന്നു. പെറുവിൽ മിഷണറി ആയിരുന്ന കാലത്തിന്റെ ഓർമകളും മാർപാപ്പ പങ്കുവച്ചു.
""അതിനുശേഷം റോമൻ കൂരിയയിൽ സേവനം ചെയ്യാനുള്ള വിളിയെ പുതിയൊരു പ്രേഷിതദൗത്യമായി ഞാൻ അംഗീകരിച്ചു. ദൈവം ആഗ്രഹിക്കുന്ന കാലത്തോളം ഈ ദൗത്യം ഞാൻ നിറവേറ്റും. നാം ഒത്തൊരുമിച്ച് എങ്ങനെയൊരു പ്രേഷിതസഭയാകാമെന്ന കാര്യം ചിന്തിക്കണം. പാലങ്ങൾ പണിയുന്ന, സംഭാഷണങ്ങളിൽ ഏർപ്പെടുന്ന, നമ്മുടെ സഹായവും സാന്നിധ്യവും സ്നേഹവും ആവശ്യമായ ഏവരെയും ഇരുകൈകളാൽ സ്വാഗതം ചെയ്യാൻ തയാറാകുന്ന സഭ.
നമ്മുടെ കർത്താവ് പത്രോസിനും അദ്ദേഹത്തിന്റെ പിന്മുറക്കാരായ നമുക്കും പലവിധത്തിൽ ഈ പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള ഉത്തരവാദിത്വം ഏൽപ്പിച്ചുതന്നിട്ടുണ്ട്’’, -മാർപാപ്പ പറഞ്ഞു.