കീവിൽ റഷ്യൻ ആക്രമണം
Sunday, May 25, 2025 12:45 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികളടക്കം 14 പേർക്കു പരിക്കേറ്റു.
കീവിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. 250 ഡ്രോണുകളും 14 ബാലിസ്റ്റിക് മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. മൂന്നു വർഷം പിന്നിട്ട യുദ്ധത്തിൽ റഷ്യൻ സേന കീവിനു നേർക്കു നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടുവെന്നാണ് യുക്രെയ്ൻ അറിയിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കും യുക്രെയ്നും നേർക്കു സമ്മർദം ചെലുത്തുന്നതിനിടെയാണ് ഈ ആക്രമണം.
വെടിനിർത്തലിനു പ്രേരിപ്പിക്കാൻ റഷ്യക്കെതിരേ കൂടുതൽ ഉപരോധം ചുമത്താൻ അന്താരാഷ്ട്രസമൂഹം തയാറാകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഇന്നലെ ആവശ്യപ്പെട്ടു.