ഗാസ: സഹായം അപര്യാപ്തമെന്ന് യുഎൻ
Sunday, May 25, 2025 12:46 AM IST
കയ്റോ: ഗാസയിലേക്കു കടത്തിവിടുന്ന ഭക്ഷ്യവസ്തുക്കൾ അപര്യാപ്തമെന്ന് യുഎൻ. 11 ആഴ്ചത്തെ ഇസ്രേലി ഉപരോധത്തിനുശേഷം ഗാസയ്ക്കു ലഭിച്ച സഹായവസ്തുക്കൾ ‘ടീസ്പൂണിനു’ തുല്യമാണെന്ന് യുഎൻ വൃത്തങ്ങൾ പറഞ്ഞു.
തിങ്കളാഴ്ച മുതൽ മുന്നൂറിലധികം ട്രക്ക് സഹായവസ്തുക്കളാണ് ഗാസയിലേക്കു കടത്തിവിട്ടത്. എന്നാൽ പ്രതിദിനം 500-600 ട്രക്ക് വസ്തുക്കൾ ഗാസയ്ക്കു വേണമെന്ന് യുഎൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ആയുധധാരികൾ ഭക്ഷണം കൊള്ളയടിക്കുന്നതും തലവേദനയായിട്ടുണ്ട്. കഴിഞ്ഞദിവസം ഖാൻയൂനിസ് നഗരത്തിൽ സായുധഗ്രൂപ്പുകൾ സഹായലോറികൾ കൊള്ളയടിച്ചു.
ഇതിനിടെ, കൊള്ളക്കാരിൽനിന്നു ലോറികൾ സംരക്ഷിക്കാൻ കാവൽ നിന്ന പലസ്തീനികൾക്കു നേരേ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.