യുഎന്നിൽ പാക് ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ
Sunday, May 25, 2025 1:24 AM IST
ന്യൂയോർക്ക്: കാപട്യം നിറഞ്ഞ സമീപനം പുലർത്തുന്ന പാക്കിസ്ഥാനെ യുഎൻ രക്ഷാസമിതിയിൽ വിമർശിച്ച് ഇന്ത്യ.
അയൽരാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്തി നിരപരാധികളായ ജനങ്ങളെ കൊല്ലുകയും അതേസമയം ജനങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണു പാക്കിസ്ഥാന്റെ രീതിയെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് പറഞ്ഞു.
""പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ആക്രമണങ്ങൾ പതിറ്റാണ്ടുകളോളം ഇന്ത്യ സഹിച്ചിട്ടുണ്ട്. ഇത്തരമൊരു രാജ്യം സിവിലിയന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്നതുതന്നെ സമൂഹത്തിന് അപമാനമാണ്.
പാക്കിസ്ഥാൻ മനഃപൂർവം ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ ഷെല്ലിംഗ് നടത്തി 20 സിവിലിയന്മാരെ കൊലപ്പെടുത്തി. 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, കോൺവെന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചുവെന്ന് പി. ഹരീഷ് പറഞ്ഞു.