സിറിയയ്ക്ക് എതിരായ ഉപരോധങ്ങൾ അമേരിക്ക പിൻവലിച്ചു
Sunday, May 25, 2025 12:46 AM IST
വാഷിംഗ്ടൺ ഡിസി: സിറിയയ്ക്കെതിരായ അമേരിക്കൻ ഉപരോധങ്ങൾ ട്രംപ് ഭരണകൂടം പിൻവലിച്ചു. സിറിയയിലെ സർക്കാരുമായും സെൻട്രൽ ബാങ്കുമായും സ്വകാര്യ സ്ഥാപനങ്ങളുമായും ഇടപാടുകൾ നടത്തുന്നതിനുള്ള ലൈസൻസ് യുഎസ് ട്രഷറി വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ചു. നാലര പതിറ്റാണ്ട് നീണ്ട ഉപരോധങ്ങൾ ഇതോടെ ഇല്ലാതായെന്ന് ട്രഷറി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
നിക്ഷേപത്തിനും മറ്റു കാര്യങ്ങൾക്കും തടസമുണ്ടാകാതിരിക്കാനായി സിറിയയ്ക്ക് പ്രത്യേക ഒഴികഴിവു നല്കുന്ന ഉത്തരവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പുറപ്പെടുവിച്ചിട്ടുണ്ട്.
സിറിയ-അമേരിക്ക ബന്ധത്തിൽ പ്രസിഡന്റ് ട്രംപിന്റെ വീക്ഷണം യാഥാർഥ്യമാക്കാനുള്ള ആദ്യ ചുവടുവയ്പുകളാണിവയെന്ന് റൂബിയോ പറഞ്ഞു.
ഒരാഴ്ച മുന്പ് ഗൾഫ് സന്ദർശനത്തിനിടെയാണ് ട്രംപ് സിറിയയ്ക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. സൗദിയിൽവച്ച് അദ്ദേഹം സിറിയൻ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
അതേസമയം, ഉപരോധങ്ങൾ പിൻവലിക്കുന്നതിന് ട്രംപ് ഉപാധികൾ വച്ചിട്ടുണ്ട്. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ ബന്ധം വീണ്ടെടുത്ത ഏബ്രഹാം ഉടന്പടിയിൽ സിറിയ ഒപ്പുവയ്ക്കുക, വിദേശ തീവ്രവാദികളെ, പ്രത്യേകിച്ച് പലസ്തീൻ തീവ്രവാദികളെ സിറിയയിൽനിന്ന് പുറത്താക്കുക, ഇസ്ലാമിക് സ്റ്റേറ്റിനെതിരായ അമേരിക്കൻ പോരാട്ടത്തിൽ സഹായിക്കുക എന്നീ കാര്യങ്ങളാണ് സിറിയൻ ഭരണകൂടത്തോട് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.