സമാധാനത്തിനുള്ള റഷ്യൻ ഉപാധികൾ ഉടൻ കൈമാറുമെന്ന്
Sunday, May 25, 2025 12:45 AM IST
മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിനു റഷ്യക്കുള്ള ഉപാധികളടങ്ങിയ രേഖ യുക്രെയ്നു വൈകാതെ കൈമാറുമെന്ന് വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. റഷ്യയും യുക്രെയ്നും തമ്മിൽ നടന്നുവരുന്ന യുദ്ധത്തടവുകാരുടെ കൈമാറ്റം പൂർത്തിയായാലുടൻ രേഖ നല്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇരു രാജ്യങ്ങളും വെള്ളിയാഴ്ച 390 യുദ്ധത്തടവുകാരെ കൈമാറിയിരുന്നു. കഴിഞ്ഞയാഴ്ച ഇസ്താംബൂളിൽ റഷ്യയും യുക്രെയ്നും നടത്തിയ ചർച്ചയിൽ ആയിരം വീതം യുദ്ധത്തടവുകാരെ കൈമാറാനാണ് തീരുമാനിച്ചത്.
യുക്രെയ്ൻ സേന റഷ്യക്കു നേരേ ഡ്രോൺ ആക്രമണം നടത്തുകയാണെന്ന ആരോപണവും ലോവ്റോവ് ഉന്നയിച്ചു. മൂന്നു ദിവസത്തിനിടെ 800 ഡ്രോണുകളാണ് യുക്രെയ്ൻ പ്രയോഗിച്ചത്.ഇതുമൂലം ആളുകൾ കൊല്ലപ്പെടുകയും വ്യോമഗതാഗതം തടസപ്പെടുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ട്രംപ് നടത്തുന്ന സമാധാനശ്രമങ്ങൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് യൂറോപ്യൻ ശക്തികൾ റഷ്യക്കെതിരേ ആക്രമണം നടത്താൻ യുക്രെയ്നെ പ്രോത്സാഹിപ്പിക്കുകയാണെന്നും സെർജി ലാവ്റോവ് കൂട്ടിച്ചേർത്തു.