കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യയായാൽ ലക്ഷ്യങ്ങൾ അസാധ്യമല്ല: മോദി
Sunday, May 25, 2025 1:24 AM IST
സീനോ സാജു
ന്യൂഡൽഹി: കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും ഒരുമിച്ച് ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി. കേന്ദ്രവും സംസ്ഥാനങ്ങളും കൈകോർത്തു ടീം ഇന്ത്യയായി പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗിന്റെ പത്താമത് ഭരണസമിതിയോഗത്തിൽ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും ഗവർണർമാർക്കും ക്ഷണമുണ്ടായിരുന്ന ഇത്തവണത്തെ ഭരണസമിതിയോഗത്തിന്റെ പ്രമേയം "2047ലെ വികസിതഭാരതത്തിനായി വികസിത രാജ്യം’ എന്നതായിരുന്നു.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങൾ ഉയർത്തിക്കാട്ടി വിവിധ മുഖ്യമന്ത്രിമാർ തങ്ങളുടെ സംസ്ഥാനങ്ങളിലെ വിവിധ ആശങ്കകൾ അവതരിപ്പിച്ചു.
വികസിത ഭാരതമെന്നതാണ് എല്ലാ ഇന്ത്യക്കാരുടെയും ലക്ഷ്യമെന്നും എല്ലാ സംസ്ഥാനങ്ങളും വികസിതമാകുന്പോൾ ഭാരതവും വികസിതമാകുമെന്നും മോദി പറഞ്ഞു. എല്ലാ അടിസ്ഥാന സൗകര്യത്തോടുംകൂടി ആഗോള നിലവാരത്തോടെയുള്ള ഒരു ടൂറിസം കേന്ദ്രമെങ്കിലും എല്ലാ സംസ്ഥാനങ്ങളും വികസിപ്പിക്കണമെന്നു മോദി പറഞ്ഞു.
നമ്മുടെ തൊഴിലാളി സമൂഹത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യത്തിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രധാന കൂടിക്കാഴ്ചയാണിത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ ഹരിയാനയുമായുള്ള ജലം പങ്കിടൽ തർക്കത്തിൽ കേന്ദ്രത്തിനെ കുറ്റപ്പെടുത്തി. പഞ്ചാബിനെതിരേയുള്ള കേന്ദ്ര നിലപാട് വിവേചനപരമാണെന്നും ഇത് അനാവശ്യമാണെന്നുമാണ് ഭക്രാനംഗൽ ഡാമിൽനിന്നു ഹരിയാനയ്ക്ക് വെള്ളം പങ്കുവയ്ക്കുന്ന വിഷയത്തിൽ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി പ്രതികരിച്ചത്.
മറ്റു സംസ്ഥാനങ്ങൾക്ക് മാറ്റിവയ്ക്കാൻ പഞ്ചാബിന്റെ കൈവശം വെള്ളമില്ലെന്ന നിലപാട് ഭഗവന്ത് സിംഗ് മൻ പ്രധാനമന്ത്രിക്ക് മുന്നിലും ആവർത്തിച്ചു. ബക്രാ നംഗൽ ഡാമിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്മാരെ നിയോഗിച്ച കേന്ദ്രതീരുമാനത്തെയും പഞ്ചാബ് മുഖ്യമന്ത്രി അപലപിച്ചു.
കേന്ദ്രനികുതിയിൽ സംസ്ഥാനങ്ങളുടെ വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യോഗത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രനികുതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് 41 ശതമാനം ലഭിക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നതെന്നും എന്നാൽ നിലവിൽ 33.16 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്നും പറഞ്ഞതായി സ്റ്റാലിൻ യോഗത്തിനു ശേഷം എക്സിലിട്ട കുറിപ്പിൽ പറയുന്നു. പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പു വയ്ക്കാത്തതിനാൽ കേന്ദ്രം തടഞ്ഞുവച്ച സർവശിക്ഷാ അഭിയാൻ ഫണ്ടിന്റെ വിഷയവും സ്റ്റാലിൻ ഉയർത്തി.
യോഗത്തിൽ വികസിത ഭാരതത്തിനും രാജ്യത്തിന്റെ വേഗമേറിയ വളർച്ചയ്ക്കുമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കേന്ദ്രത്തോട് ഐക്യദാർഢ്യം പുലർത്തുകയും വിവിധ നിർദേശങ്ങൾ നൽകുകയും ചെയ്തു.