ചാരവൃത്തി: ഗുജറാത്തിൽ യുവാവ് പിടിയിൽ
Sunday, May 25, 2025 1:24 AM IST
അഹമ്മദാബാദ്: പാക് ഏജന്റായ സ്ത്രീയുടെ ആവശ്യപ്രകാരം ഇന്ത്യൻ സൈന്യത്തിന്റെ മിലിട്ടറി പോസ്റ്റുകളെക്കുറിച്ചും നാവികസേനയുടെ നിർമാണപ്രവൃത്തികളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറിയ യുവാവ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായി.
കച്ചിൽ ആരോഗ്യവകുപ്പിന്റെ കരാർ ജീവനക്കാരനായി ജോലി ചെയ്തുവന്ന സഹദേവ് സിംഗ് ഗോഹിൽ(28)ആണ് അറസ്റ്റിലായത്. പാക് ഏജന്റിന് വാട്സാപ്പിലൂടെ വീഡിയോ സന്ദേശങ്ങളും ചിത്രങ്ങളും കൈമാറിയതിന് 40,000 രൂപവരെ ഇയാൾ പ്രതിഫലം കൈപ്പറ്റിയിരുന്നു. 2023 മുതൽ കച്ചിലെ ലഖ്പത് താലൂക്കിലാണ് ഗോഹിൽ കഴിഞ്ഞുവന്നിരുന്നത്.
2025ൽ ഗോഹിലിന്റെ ആധാർ നന്പർ നല്കി സന്പാദിച്ച സിം കാർഡിന്റെ ഒടിപി പാക് ഏജന്റിനു കൈമാറിയാണ് ഇന്ത്യയിൽനിന്ന് വാട്സാപ് ഉപയോഗിക്കാനുള്ള സൗകര്യം പാക് ഏജന്റിന് ഗോഹിൽ ചെയ്തുകൊടുത്തത്.
ഗോഹിലിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചശേഷമാണ് ഈ വിവരങ്ങൾ എടിഎസിനു ലഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ എടിഎസ് ഗോഹിലിനെ പിടികൂടുകയായിരുന്നു.