കെ.വി. തോമസ് ധനമന്ത്രിയെ കണ്ടു
Sunday, May 25, 2025 1:24 AM IST
ന്യൂഡൽഹി: കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ഇൻസെന്റീവായി സംസ്ഥാനത്തിന് കേന്ദ്രം നൽകാനുള്ള പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.
അടിയന്തരമായി 1500 കോടി രൂപയുടെ സഹായമാണ് വേണ്ടതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശിപാർശയനുസരിച്ച് കേരളത്തിന്റെ വായ്പാ പരിധി ഉയർത്തുന്നതിനുള്ള നടപടി ഉടൻ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ 3323 കോടി രൂപയാണ് കേരളത്തിന്റെ കടമെടുപ്പു പരിധിയിൽനിന്ന് വെട്ടിക്കുറച്ചിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേന്ദ്രസർക്കാരിന്റെയും ആർബിഐയുടെയും നിർദേശപ്രകാരം ഗാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ തിരിച്ചടവ് സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ ഓപ്പറേഷനിൽ കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജുകളിൽ ഇളവു നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ധനകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ കെ.വി. തോമസിനോട് അഭ്യർഥിച്ചതിനെത്തുടർന്നാണ് കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
"ഭാവിക്കുവേണ്ടി സന്പാദിക്കുക ’എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റിൽ കേന്ദ്രധനമന്ത്രി നിർവഹിക്കുമെന്ന് ഉറപ്പു നൽകിയെന്ന് കെ.വി. തോമസ് പറഞ്ഞു. എറണാകുളം ജില്ലയിൽ ചെല്ലാനം പുത്തൻതോട് സർക്കാർ സ്കൂളിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെയുള്ള ഈ പദ്ധതിക്കു തുടക്കമിടുന്നത്.