രാജ്യം ഹൃദയത്തിൽ സ്വീകരിച്ച് സൈന്യത്തിന്റെ പ്രചാരണങ്ങൾ
Sunday, May 25, 2025 1:24 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനെ വിറപ്പിച്ച "ഓപ്പറേഷൻ സിന്ദൂറി'നു ശേഷം ഇന്ത്യൻ സൈന്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ചെറു വീഡിയോകളും ഗാനശകലങ്ങളും പോസ്റ്ററുകളും ശ്രദ്ധേയമാകുന്നു.
പാക്കിസ്ഥാനിലെ ഒൻപത് ഭീകരക്യാന്പുകൾ തകർത്തതിനു ശേഷം മേയ് ഏഴിന് സൈന്യം പങ്കുവച്ച പോസ്റ്റ് പിന്നീടുള്ള ദിനങ്ങളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ അംഗീകൃത മുദ്രയായി മാറുകയായിരുന്നു.
""നീതി നടപ്പാക്കപ്പെട്ടു, ജയ് ഹിന്ദ്’’എന്നീ ചുരുങ്ങിയ വാക്കുകളോടൊപ്പം ചേർത്തിരുന്ന ചിത്രം സ്ത്രീകൾ നെറ്റിയിൽ ചാർത്തുന്ന സിന്ദൂരവും ഉൾപ്പെടുന്നതായിരുന്നു. ഇതിനുശേഷം, സമാനമായ പ്രമേയങ്ങളുമായി സൈന്യം പുറത്തിറക്കിയ നിരവധി ചെറുവീഡിയോകൾക്ക് വലിയ തോതിൽ പ്രചാരണം ലഭിച്ചു. അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്ട്രാറ്റെജിക് കമ്യൂണിക്കേഷന്റെ കീഴിലുള്ള സോഷ്യൽ മീഡിയ വിഭാഗമാണ് ഇവ നിർമിച്ചത്.
രാജ്യത്തിന്റെ സൈനിക ബലവും ആയുധശേഖരവും പ്രദർശിപ്പിക്കുകയും പാക്കിസ്ഥാന് ശക്തമായ ഭാഷയിൽ താക്കീതുകൾ നൽകുകയും ചെയ്യുന്ന വരികളും പ്രചാരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജ്ഞാനപീഠ ജേതാവായ പ്രമുഖ ഹിന്ദി കവി രാംധാരി സിംഗ് ദിൻകർ രചിച്ച രശ്മിരഥി എന്ന ഇതിഹാസ കാവ്യത്തിലെ വരികളും റോക്ക് മ്യൂസിക് ശൈലിയും പാക്കിസ്ഥാനു കുറിക്കു കൊള്ളുന്ന സന്ദേശങ്ങൾ നൽകാനായി സമർഥമായി ഉപയോഗപ്പെടുത്തിയത് ഓൺലൈൻ ലോകത്ത് കൈയടികൾ നേടി മുന്നേറുകയാണ്.