ജസ്റ്റീസ് ബി.വി. നാഗരത്ന സുപ്രീംകോടതി കൊളീജിയം അംഗമാകും
Sunday, May 25, 2025 1:24 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസാകാൻ തയാറെടുക്കുന്ന ജസ്റ്റീസ് ബി.വി. നാഗരത്ന ഇന്ന് സുപ്രീംകോടതി കൊളീജിയത്തിൽ അംഗമാകും.
ജസ്റ്റീസ് അഭയ് എസ്. ഓക വിരമിച്ചപ്പോഴുണ്ടായ ഒഴിവിലേക്കാണ് നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഞ്ചാമത്തെ ജഡ്ജിയായ ബി.വി. നാഗരത്ന അംഗമാകുക.
2021ൽ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ട നാഗരത്ന 2027 സെപ്റ്റംബർ 24നാണ് ഇന്ത്യയുടെ 55-ാമത് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുക.
ചീഫ് ജസ്റ്റീസ് പദവിയേറ്റെടുത്ത് 36 ദിവസത്തിനുശേഷം ഒക്ടോബർ 29ന് വിരമിക്കുന്നതുവരെ ബി.വി. നാഗരത്ന കൊളീജിയത്തിൽ തുടരും.
സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാരുൾപ്പെടുന്ന കൊളീജിയത്തിൽ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് ജെ.കെ. മഹേശ്വരി എന്നിവരാണ് നിലവിലെ അംഗങ്ങൾ.
സുപ്രീംകോടതിയിലേക്കും രാജ്യത്തെ ഹൈക്കോടതികളിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനങ്ങളിലും ട്രാൻസ്ഫറുകളിലും സുപ്രീംകോടതി കൊളീജിയമാണ് തീരുമാനമെടുക്കുക. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും നിലവിലുള്ള ഒഴിവുകൾ നികത്താൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കു കീഴിലെ ആദ്യ കൊളീജിയം യോഗം തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന.