മണിപ്പുർ രാജ്ഭവനിൽ പ്രതിഷേധം
Monday, May 26, 2025 4:21 AM IST
ഇംഫാൽ: സർക്കാർ ബസിൽ മണിപ്പുർ എന്ന വാക്ക് മറച്ചുവയ്ക്കാനുള്ള സുരക്ഷാസേനയുടെ നിർദേശത്തിനെതിരേ ഇംഫാലിൽ വീണ്ടും പ്രതിഷേധം. സംഭവത്തിൽ ഗവർണർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാജ്ഭവനിലേക്കു തള്ളിക്കയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാനുള്ള സുരക്ഷാസേനയുടെ ശ്രമത്തിനിടെ മൂന്നു സ്ത്രീകൾക്കു പരിക്കേറ്റു.
കഴിഞ്ഞയാഴ്ച നടന്ന സിറോയ് ലില്ലി ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യുന്നതിനായി മാധ്യമപ്രവർത്തകരെ കൊണ്ടുപോയ മണിപ്പുര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍നിന്നും മണിപ്പുര്‍ എന്ന വാക്ക് മറച്ചുവയ്ക്കാന്‍ സുരക്ഷാ സേന ആവശ്യപ്പെട്ട സംഭവമാണു വിവാദമായത്. ചീഫ് സെക്രട്ടറിയും ഡിജിപിയും സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവും രാജിവയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രശ്നത്തിന്റെ പേരിൽ ഇംഫാലില്‍ നിന്നുള്ള മെയ്തേ വിഭാഗക്കാരായ മാധ്യമപ്രവര്‍ത്തകര്‍ സിറോയ് ലില്ലി ഫെസ്റ്റിവല്‍ ബഹിഷ്കരിച്ചിരുന്നു. വിവിധ മെയ്തേ സംഘടനകളും ഇംഫാല്‍ താഴ് വരയില്‍ പ്രതിഷേധത്തിലാണ്. മണിപ്പുര്‍ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കുക്കികൾ തടഞ്ഞതിനെത്തുടർന്നുള്ള സംഘർഷത്തിൽ രണ്ടു പേര് കൊല്ലപ്പെട്ടതിനെത്തുടർന്നാണു മണിപ്പുർ എന്ന പേരുമാറ്റാൻ നിർദേശിച്ചതെന്നു സുരക്ഷാസേന വിശദീകരിക്കുന്നു.