10 ലക്ഷം കോടി ആസ്തി വിറ്റഴിക്കലിന് പദ്ധതി
പ്രത്യേക ലേഖകൻ
Monday, May 26, 2025 4:21 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ ആസ്തികളിൽനിന്നുള്ള ധനസന്പാദനത്തിന്റെ രണ്ടാംഘട്ട പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം. രണ്ടാം ഘട്ടത്തിന്റെ വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കും. 2025-26ൽ വാർഷിക ധനസന്പാദന ലക്ഷ്യം 2- 2.5 ലക്ഷം കോടിയായി ഉയർത്താനാണു സർക്കാർ ലക്ഷ്യമിടുന്നത്.
രണ്ടാം ഘട്ടം ആസ്തി ധനസന്പാദനത്തിലൂടെ അടുത്ത അഞ്ചു വർഷം കൊണ്ടു 10 ലക്ഷം കോടി രൂപയാണു ലക്ഷ്യമെന്നു കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ആദ്യ അഞ്ചു വർഷം ലക്ഷ്യമിട്ട ആറു ലക്ഷം കോടിയിൽ 90 ശതമാനത്തോളം ലക്ഷ്യം നേടാനായെന്നു ധനമന്ത്രാലയം വിശദീകരിച്ചു.
സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആസ്തികളാണു വിറ്റഴിക്കുന്നത്. ധനസമാഹരണത്തിനായി സർക്കാർ ആസ്തികൾ പൂർണമായും വിൽക്കുകയല്ല ലക്ഷ്യമെന്നു ധനകാര്യ മന്ത്രാലയം അവകാശപ്പെട്ടു.